പൊതുമേഖല ആസ്തി വരുമാനമാക്കൽ; രണ്ടാംഘട്ടം ആഗസ്റ്റോടെ
text_fieldsന്യൂഡൽഹി: രാജ്യത്തെ പൊതുമേഖല ആസ്തികളെ വരുമാനദായകമാക്കുന്ന പ്രക്രിയയുടെ രണ്ടാംഘട്ടം ആഗസ്റ്റോടെ പ്രഖ്യാപിക്കുമെന്ന് നിതി ആയോഗ് സി.ഇ.ഒ ബി.വി.ആർ. സുബ്രഹ്മണ്യം. 10 ലക്ഷം കോടിയാണ് ഇത്തരത്തിൽ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. നിതി ആയോഗ് ഭരണസമിതി യോഗത്തിനു ശേഷം സംഘടിപ്പിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യം.
നികുതിവിഹിതം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാടിന്റെ അഭ്യർഥന ധനവകുപ്പിന് കൈമാറും. സംസ്ഥാനങ്ങൾക്കിടയിലുള്ള വികസന അസമത്വം ഇല്ലാതാക്കാൻ പ്രത്യേകം വികസന പദ്ധതി രേഖകൾ രൂപവത്കരിക്കുന്നത് ഗുണകരമാവും. കിഴക്കൻ മേഖലയിലെ അഞ്ച് സംസ്ഥാനങ്ങൾക്ക് ഇത്തരത്തിൽ വികസനപദ്ധതി തയാറാക്കാൻ കേന്ദ്രസർക്കാറിന്റെയും സംസ്ഥാനങ്ങളുടെയും സെക്രട്ടറിമാരെ ഉൾപ്പെടുത്തി സമിതി രൂപവത്കരിച്ചിരുന്നു. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾകൂടി ഉൾപ്പെടുത്തിയ പദ്ധതിരേഖ ജൂൺ 15ന് പ്രസിദ്ധീകരിക്കും.
ഇന്ത്യ വളർച്ചയുടെ നിർണായക വഴിത്തിരിവിലാണ്. അടിസ്ഥാന വികസനത്തിനൊപ്പം അതിദാരിദ്ര്യം അഞ്ചുശതമാനത്തിൽ താഴെയെത്തിക്കാനായി. ഇന്ന് രാജ്യം ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്. രാജ്യത്തിന്റെ വളർച്ചയിൽ സംസ്ഥാനങ്ങൾക്ക് നിർണായക സ്വാധീനമാണുള്ളത്.
വികസിത ഇന്ത്യക്ക് വികസിത സംസ്ഥാനങ്ങളുടെ പങ്ക് വിഷയത്തിന് ഊന്നൽ നൽകിയായിരുന്നു ഗവേണിങ് കൗണ്‍സില്‍ യോഗത്തിൽ ചര്‍ച്ച. കഴിഞ്ഞ ഗവേണിങ് കൗൺസിലിൽ എല്ലാ സംസ്ഥാനങ്ങളോടും തങ്ങളുടെ വികസന നയം രൂപവത്കരിക്കാൻ പ്രധാനമന്ത്രി അഭ്യർഥിച്ചിരുന്നു. തമിഴ്നാടും പഞ്ചാബുമടക്കം അഞ്ച് സംസ്ഥാനങ്ങൾ സംസ്ഥാനത്തിന്റെ വികസന നയരേഖ ഇതിനകം പ്രസിദ്ധീകരിച്ചു. 12 സംസ്ഥാനങ്ങൾ ആഗസ്റ്റോടെ ഇത് പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

