പൊതുതാൽപര്യ ഹരജികൾ പബ്ലിസിറ്റി ഹരജികളായി മാറി -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പൊതുതാൽപര്യ ഹരജികൾ ഇപ്പോൾ സ്വകാര്യ താൽപര്യ ഹരജികളും പബ്ലിസിറ്റി താൽപര്യ ഹരജികളും പണ താൽപര്യ ഹരജികളുമൊക്കെ ആയി മാറിയിരിക്കുകയാണെന്ന് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നതിനിടെ സുപ്രീംകോടതി.ശബരിമല ക്ഷേത്രത്തിൽ പത്തുമുതൽ 50 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും നിലനിൽക്കുന്ന പ്രവേശന വിലക്ക് ചോദ്യം ചെയ്ത് 2006ൽ ഇന്ത്യൻ യങ് ലോയേർസ് അസോസിയേഷൻ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയുടെ ഉദ്ദേശ്യത്തെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് ചോദ്യം ചെയ്തത്.
2006 ജൂണിൽ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച നാല് ലേഖനങ്ങളുടെ അടിസ്ഥാനത്തിലാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചതെന്ന് യങ് ലോയേർസ് അസോസിയേഷന്‍റെ അഭിഭാഷകൻ രവി പ്രകാശ് ഗുപ്ത ബോധിപ്പിച്ചു. ഹരജി അപ്പോൾ തന്നെ തള്ളേണ്ടതായിരുന്നുവെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് പത്രത്തിൽ വന്ന ലേഖനം പൊതുതാൽപര്യ ഹരജിക്ക് എങ്ങനെ കാരണമാകുമെന്ന് ആരാഞ്ഞു.ഹരജികൾക്കായി എഴുതപ്പെടുന്ന ലേഖനങ്ങൾ കണ്ടെത്താൻ എളുപ്പമാണ്. ഹൈകോടതികളും സുപ്രീംകോടതിയും പൊതുതാൽപര്യ ഹരജികൾ പരിഗണിക്കുന്നത് അത് അർഹിക്കുന്ന പൊതുജനങ്ങൾക്കു വേണ്ടിയാണെന്നും, പത്രത്തിൽ എഴുതുന്ന ലേഖനങ്ങൾക്കു വേണ്ടിയല്ലെന്നും ജസ്റ്റിസ് നാഗരത്നയും അഭിപ്രായപ്പെട്ടു.
പി.ഐ.എൽ എന്നത് ഇപ്പോൾ സ്വകാര്യ താൽപര്യ, പബ്ലിസിറ്റി താൽപര്യ, പണ താൽപര്യ ഹരജികളായി മാറിയിരിക്കുകയാണെന്നും ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു.ചീഫ് ജസ്റ്റിസിന് ദിവസവും നൂറുകണക്കിന് കത്തുകൾ കിട്ടാറുണ്ടെന്നും അതൊക്കെ പൊതുതാൽപര്യ ഹരജികളായി കാണാൻ പറ്റുമോയെന്നും അവർ ആരാഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

