ഡൽഹിയിൽ ആരോഗ്യം അത്യാഹിതത്തിൽ
text_fieldsന്യൂഡൽഹി: വായു മലിനീകരണത്തിൽ പുകഞ്ഞ ഡൽഹിയിൽ സുപ്രീംകോടതി നിയോഗിച്ച മലിനീകരണ നിയന്ത്രണ മേൽനോട്ട അതോറിറ്റി (ഇ.പി.സി.എ) ആരോഗ്യ അത്യാഹിതാവസ്ഥ പ്രഖ്യാപിച്ചു. വായു നിലവാര സൂചിക (എ.ക്യു.െഎ) അപകടനില തുടരുന്നതിനാൽ നവംബർ അഞ്ചുവരെ സ്കൂൾ അടച്ചിടാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉത്തരവിട്ടു.
ഡൽഹിക്ക് പുറമെ ഗുഡ്ഗാവ്, നോയിഡ, ഫരീദാബാദ് മേഖലകളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഡൽഹിയിലേക്ക് അവശ്യവസ്തുക്കൾ കൊണ്ടുവരുന്ന ട്രക്കുകൾ ഒഴികെയുള്ളവക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. നവംബർ നാലുമുതൽ ഒറ്റ, ഇരട്ടയക്ക വാഹന നിയന്ത്രണം നിലവിൽ വരും. നിയമലംഘകർക്ക് കടുത്ത പിഴ ചുമത്തും.
വെള്ളിയാഴ്ച ഡൽഹിയിൽ വായു നിലവാര സൂചിക (എ.ക്യു.െഎ) 500 കടന്നു. 0-50 വരെയാണ് സുരക്ഷിത നില. 300നു മുകളിലുള്ളതെല്ലാം അപകടകരമായ വിഭാഗത്തിലാണ് പെടുക. ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പി.എം 2.5, പി.എം 10 എന്നിവയുടെ അളവും ക്രമാതീതമായി ഉയർന്നു. അന്തരീക്ഷം പുകമഞ്ഞ് മൂടിയതിനാൽ നട്ടുച്ചക്കും ആകാശം കറുത്തിരുണ്ടാണ് കാണപ്പെടുന്നത്.
ശ്വാസതടസ്സം അനുഭവപ്പെടാൻ ഇടയുള്ളതിനാൽ ആളുകൾ പുറത്തിറങ്ങുന്നത് കുറക്കണമെന്ന് സർക്കാർ നിർദേശിച്ചു. വിഷവായുവിൽനിന്ന് രക്ഷനേടാൻ സ്കൂളുകൾ വഴി കുട്ടികൾക്ക് 50 ലക്ഷം മുഖാവരണങ്ങൾ വിതരണം ചെയ്തു. അന്തരീക്ഷ വായുനില മോശമായി തുടർന്നാൽ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ട്വൻറി20 മത്സരത്തെ ബാധിച്ചേക്കും.
അന്തരീക്ഷ മലിനീകരണത്തിെൻറ 35 ശതമാനവും അതിർത്തി സംസ്ഥാനങ്ങളിൽ വൈക്കോലും മറ്റ് കാർഷിക വിള അവശിഷ്ടങ്ങളും കത്തിക്കുന്നതുമൂലമാണെന്നാണ് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള സഫാറിെൻറ വിലയിരുത്തൽ. ദീപാവലി ആഘോഷത്തിെൻറ ഭാഗമായി പടക്കം പൊട്ടിച്ചതും മലിനീകരണം രൂക്ഷമാക്കി. ഡൽഹി ഗ്യാസ്ചേംബറാകാൻ കാരണം പഞ്ചാബ്, ഹരിയാന സർക്കാറുകളാണെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തി. മലിനീകരണം നിയന്ത്രിക്കാനുള്ള എല്ലാ നടപടികളും ഡൽഹി സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
