പ്രതിഷേധച്ചൂടറിഞ്ഞു; പഴയ വാഹനങ്ങൾക്കുള്ള ഇന്ധന വിലക്ക് ഒഴിവാക്കി ഡൽഹി സർക്കാർ
text_fieldsന്യൂഡൽഹി: പ്രതിഷേധം കനത്തതോടെ, കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പിൻവലിച്ച് ഡൽഹി സർക്കാർ. ജൂലൈ ഒന്നുമുതൽ നടപ്പാക്കിയ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും പെട്രോൾ പമ്പുകളിൽനിന്നും ഇന്ധനം നൽകരുതെന്ന ഉത്തരവാണ് വ്യാഴാഴ്ച ഡൽഹി പരിസ്ഥിതി വകുപ്പ് പിൻവലിച്ചത്.
സർക്കാർ തീരുമാനത്തിനെതിരെ വ്യാപക ജനരോഷം ഉയരുകയും പെട്രോൾ പമ്പുടമകൾ ഹൈകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്, സാങ്കേതിക കാരണങ്ങളും പദ്ധതി നടപ്പാക്കുന്നതിലെ സങ്കീർണതയും ചൂണ്ടിക്കാട്ടി ഉത്തരവ് മരവിപ്പിച്ചത്.
കാറുകളും മോട്ടോർ സൈക്കിളുകളും പരിപാലിക്കുന്ന ആളുകളെ ശിക്ഷിക്കുന്നതിനുപകരം, മോശമായി പരിപാലിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള സംവിധാനം വികസിപ്പിച്ചെടുക്കുന്നുണ്ടെന്നും പരിസ്ഥിതി മന്ത്രി മഞ്ജീന്ധർ സിങ് സിർസ പറഞ്ഞു. ഡൽഹിയിൽ ഏകദേശം 62 ലക്ഷത്തോളം വാഹനങ്ങളെയാണ് സർക്കാർ നടപടി ബാധിച്ചത്.
ഉത്തരവിനെതിരെ ആം ആദ്മി പാർട്ടി രംഗത്തുവന്നിരുന്നു. തുഗ്ലക് പരിഷ്കാരമാണെന്നും വാഹന നിർമാതാക്കളിൽനിന്നും വാങ്ങിയ പണത്തിന് പ്രത്യുപകാരമാണ് നപടിയെന്നും ഡൽഹി പ്രതിപക്ഷ നേതാവ് അതിഷി കുറ്റപ്പെടുത്തുകയുണ്ടായി. ഇന്ധന വിലക്കുണ്ടായതോടെ നിരവധി ആഡംബര വാഹനങ്ങൾ ചെറിയ വിലയ്ക്ക് ഇതരസംസ്ഥാനങ്ങളിലേക്ക് വിറ്റഴിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

