രാജ്യസഭ നിയന്ത്രിച്ച് പി.ടി. ഉഷ; ‘ഈ യാത്രയിൽ നാഴികക്കല്ലുകൾ തീർക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു’
text_fieldsവ്യാഴാഴ്ച രാജ്യ സഭ നിയന്ത്രിച്ചത് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട കായികതാരം പി.ടി. ഉഷ. രാജ്യസഭാ ചെയർമാനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അവധിയായതിനാലാണ് ഉപാധ്യക്ഷ പാനലിലുള്ള പി.ടി. ഉഷ സഭ നിയന്ത്രിച്ചത്.
സഭ നിയന്ത്രിച്ചതിന്റെ ഹ്രസ്വ വിഡിയോയും ഉഷ ട്വീറ്റ് ചെയ്തു. ഇത് അഭിമാന നിമിഷമാണെന്ന് ചൂണ്ടിക്കാട്ടിയ ഉഷ, ഈ യാത്രയിൽ നാഴിക കല്ലുകൾ തീർക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി.
‘കൂടുതൽ അധികാരമുള്ളവർക്ക് കൂടുതൽ ഉത്തരവാദിത്തമുണ്ടെന്ന ഫ്രാങ്ക്‍ലിൻ ഡി റൂസ് വെൽറ്റിന്റെ വാക്കുകളാണ് ഇന്ന് രാജ്യസഭാ സെഷൻ നിയന്ത്രിച്ചപ്പോൾ എന്റെ മനസിൽ വന്നത്. ആളുകൾ എന്നിലർപ്പിച്ച വിശ്വാസത്തോടെ ഈ യാത്രയിൽ നാഴികക്കല്ലുകൾ സൃഷ്ടിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു’ - ഉഷ കുറിച്ചു.
ഡിസംബറിലാണ് ഉഷ ഉപാധ്യക്ഷ പാനലിൽ ഉൾപ്പെട്ടത്. ആദ്യമായി പാനലിൽ ഉൾപ്പെട്ട നാമനിർദേശം ചെയ്യപ്പെട്ട എം.പി ഉഷയാണ്. രാജ്യസഭാ ചെയർമാനും ഡെപ്യൂട്ടി ചെയർമാനും അവധിയായിരിക്കുമ്പോൾ സഭ നിയന്ത്രിക്കാനാണ് ഉപാധ്യക്ഷൻമാരുടെ പാനൽ രൂപീകരിച്ചത്.