ലൈംഗികത്തൊഴിലാളികൾക്ക് റേഷനും ആധാറും നൽകണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ലൈംഗികത്തൊഴിലാളികൾക്ക് വോട്ടർ ഐ.ഡി, ആധാർ കാർഡ്, റേഷൻ കാർഡുകൾ എന്നിവ ഉടൻ വിതരണം ചെയ്യാൻ സുപ്രീംകോടതി നിർദേശം. തൊഴിൽ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ ഉറപ്പാക്കണമെന്ന് നിരീക്ഷിച്ച കോടതി റേഷൻ കാർഡില്ലെങ്കിലും ലൈംഗികത്തൊഴിലാളികൾക്ക് റേഷൻ നൽകുന്നത് തുടരണമെന്നും അഭിപ്രായപ്പെട്ടു.
കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകിയത്. കോവിഡ് മഹാമാരി മൂലം ലൈംഗികത്തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ ഉന്നയിച്ച് സന്നദ്ധ സംഘടനയായ 'ദർബാർ മഹിളാ സമൻവയ കമ്മിറ്റി' സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതി നിർദേശം.
ലൈംഗികത്തൊഴിലാളികൾക്ക് റേഷൻ കാർഡ് നൽകണമെന്ന നിർദേശം 2011ൽ പാസാക്കിയെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഒരു ദശാബ്ദം മുമ്പ് നിർേദശം നൽകിയിട്ടും എന്ത് കൊണ്ടാണ് നടപ്പാക്കാത്തത് എന്നതിന് ഒരു കാരണവും ബോധിപ്പിക്കാനുണ്ടാവില്ലെന്നും കോടതി പറഞ്ഞു. ദേശീയ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷെൻറയും സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റികളുടെയും സഹായം അധികാരികൾക്ക് സ്വീകരിക്കാം. അവർ ലൈംഗികത്തൊഴിലാളികളുടെ പട്ടിക തയാറാക്കും. ഇക്കാര്യത്തിൽ നാലാഴ്ച്ചക്കകം കോടതിയിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണം.
കോടതി ഉത്തരവിെൻറ പകർപ്പ് സംസ്ഥാന, ജില്ല ലീഗൽ സർവിസ് അധികാരികൾക്ക് അയക്കണമെന്ന് പറഞ്ഞ ബെഞ്ച്, വിവിധ ഐഡി കാർഡുകൾ തയാറാക്കുമ്പോൾ ലൈംഗികത്തൊഴിലാളികളുടെ പേരും മേൽവിലാസവും രഹസ്യമായി സൂക്ഷിക്കാനും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

