ഉന്നാവ് ബലാത്സംഗ കേസ്: കുൽദീപ് സെൻഗാറിന്റെ ജാമ്യത്തിൽ പ്രതിഷേധിച്ച് ഡൽഹി ഹൈകോടതിക്ക് പുറത്ത് പ്രതിഷേധം
text_fieldsന്യൂഡൽഹി: ഉന്നാവ് ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ബി.ജെ.പി എം.എൽ.എ കുൽദീപ് സെൻഗാറിന്റെ ജയിൽ ശിക്ഷ താൽക്കാലികമായി നിർത്തിവച്ചതിനെതിരെ ഡൽഹി ഹൈകോടതിക്ക് പുറത്ത് പ്രതിഷേധവുമായി ഇരയുടെ അമ്മയും വനിതാ ആക്ടിവിസ്റ്റുകളും പൗരാവകാശ പ്രവർത്തകരും. കോടതി സെൻഗാറിന് സോപാധിക ജാമ്യം അനുവദിച്ചതിൽ പ്രതിഷേധിച്ച് അവർ മുദ്രാവാക്യങ്ങൾ മുഴക്കുകയും രോഷം പ്രകടിപ്പിക്കുകയും ചെയ്തു. അഖിലേന്ത്യാ ജനാധിപത്യ വനിതാ അസോസിയേഷനിലെ പ്രവർത്തകരടക്കമുള്ളവർ ‘ബലാത്സംഗികളെ സംരക്ഷിക്കുന്നത് നിർത്തുക’ എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധിച്ചത്.
തന്റെ മകൾ വളരെയേറെ കഷ്ടപ്പാടുകൾ സഹിച്ചുവെന്നും അതിനാലാണ് താൻ പ്രതിഷേധിക്കാൻ വന്നതെന്നും അതിജീവിതയുടെ അമ്മ പറഞ്ഞു. മുഴുവൻ ഹൈകോടതിയെയും കുറ്റപ്പെടുത്തുന്നില്ലെന്നും മറിച്ച് ഞങ്ങളുടെ വിശ്വാസം തകർത്ത രണ്ട് ജഡ്ജിമാരെ മാത്രമാണന്നും അവർ പറഞ്ഞു. മുൻ ജഡ്ജിമാർ കുടുംബത്തിന് നീതി നൽകിയിരുന്നു. എന്നാൽ, പ്രതികൾക്ക് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുകയാണ്. ഇത് തങ്ങളുടെ കുടുംബത്തോടു കാണിച്ച അനീതിയാണെന്നും വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.
സെൻഗാറിന് 2019 ഡിസംബറിൽ വിചാരണ കോടതി ശിക്ഷിച്ചതിനെതിരെയുള്ള അപ്പീൽ തീർപ്പാക്കുന്നതു വരെ ജാമ്യം അനുവദിച്ച ഡൽഹി ഹൈകോടതിയുടെ ചൊവ്വാഴ്ച ഉത്തരവിനെ തുടർന്നാണ് പ്രതിഷേധം. പുറത്താക്കപ്പെട്ട ബി.ജെ.പി നേതാവ് പോക്സോ നിയമപ്രകാരം നിർദേശിക്കപ്പെട്ട പരമാവധി ശിക്ഷയേക്കാൾ കൂടുതൽ അനുഭവിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോടതി വിധിയിൽ താൻ വളരെ അസ്വസ്ഥയാണെന്നും സെൻഗാറിന് അനുവദിച്ച ജാമ്യ വ്യവസ്ഥകളെക്കുറിച്ച് അറിഞ്ഞപ്പോൾ അങ്ങേയറ്റം സുരക്ഷിതമല്ല എന്ന് തോന്നിയതായും കോടതി ഉത്തരവിനോട് പ്രതികരിച്ചുകൊണ്ട് അതിജീവിത പറഞ്ഞു. ജുഡീഷ്യറിയിൽനിന്ന് ഉത്തരവാദിത്തം തേടുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധം നടത്തിയതെന്ന് വനിതാ അവകാശ പ്രവർത്തക യോഗിത ഭയാന പറഞ്ഞു. ഒരു ലൈഒഗിക കുറ്റവാളിയുടെ ശിക്ഷ റദ്ദാക്കപ്പെട്ടതിൽ ഇന്ത്യയിലുടനീളമുള്ള സ്ത്രീകൾ വളരെയധികം വേദനിക്കുന്നു. ഇത് സംഭവിച്ചത് ഈ കോടതിയിലാണ്. അതിനാൽ അനീതി നടന്ന അതേ സ്ഥലത്തുനിന്ന് തന്നെ തങ്ങൾ നീതി തേടുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

