ഗ്യാനേഷിനെ വിടാതെ; രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വീണ്ടും പ്രക്ഷോഭം
text_fieldsന്യൂഡൽഹി: എസ്.ഐ.ആർ വോട്ടുകൊള്ളയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം രാജ്യത്ത് ശക്തിപ്പെടുന്നു. ഡൽഹി പൊലീസിന്റെ വിലക്കുകളെല്ലാം മറികടന്ന് ശനിയാഴ്ചയും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജന്തർമന്തറിലേക്ക് മാർച്ച് നടത്തി.
സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ്, ഐസ അധ്യക്ഷ നേഹ ബോറ അടക്കം നൂറുകണക്കിന് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതീവ സുരക്ഷ മേഖലയായ ഇന്ത്യാ ഗേറ്റിന് മുന്നിൽ പൊലീസിനെ ഞെട്ടിച്ച് എൻ.എസ്.യു പ്രവർത്തകർ അപ്രതീക്ഷിത പ്രതിഷേധം നടത്തി. ജന്തർമന്തറിൽ പ്രതിഷേധ പ്രകടനം നടത്താനുള്ള അനുമതി പൊലീസ് നിഷേധിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് ഡൽഹി ഹൈകോടതിയെ സമീപിച്ചു. സമാധാനപരമായ പ്രതിഷേധങ്ങളെയും കൂട്ടായ്മകളെയും ക്രമീകരിക്കുന്നതിനു പകരം നിരോധിക്കാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
ഒക്ടോബർ പത്തിന് പാറ്റ പാർട്ടിയും (സി.ജെ.പി) ഡൽഹിയിൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിന് പിന്തുണ നൽകുമെന്നും വൻതോതിൽ പ്രവർത്തകരെ എത്തിക്കുമെന്നും എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും അറിയിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് ഒക്ടോബർ ആറിന് ഇൻഡ്യ മുന്നണി എം.പിമാരുടെ പ്രതിഷേധം നടക്കുന്നതോടെ സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നാണ് വിലയിരുത്തൽ.
പൊലീസ് വിലക്ക് മറികടന്ന് ഐസയുടെയും എ.ഐ.എസ്.എഫിന്റെയും നേതൃത്വത്തിലായിരുന്നു ശനിയാഴ്ച ജന്തർമന്തറിലേക്ക് നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. സുപ്രീംകോടതി മുതിർന്ന അഭിഭാഷകനും രാജ്യസഭ എം.പിയുമായ കപിൽ സിബൽ, മുതിർന്ന അഭിഭാഷകരായ നിത്യ രാമകൃഷ്ണൻ, പല്ലവ് സിസോദിയ തുടങ്ങിയവരും പങ്കെടുത്തു. ജന്തർമന്തറിലേക്ക് പ്രവേശിക്കുന്ന റോഡിൽ കേരള ഹൗസിന് സമീപത്തുവെച്ച് ആദ്യ ബാരിക്കേഡ് മറിച്ചിട്ട് മുന്നോട്ട് പോകാൻ ശ്രമിച്ച സമരക്കാരെ പൊലീസ് തടഞ്ഞു.
തുടർന്ന് കസ്റ്റഡിയിലെടുത്ത് നീക്കാൻ ശ്രമിച്ചതോടെ ചങ്ങലകൊണ്ട് പരസ്പരം ബന്ധിപ്പിച്ചും നിലത്തുകിടന്നും സമരക്കാർ പ്രതിരോധിച്ചു. റോഡിലൂടെ വലിച്ചിഴച്ചാണ് സമരക്കാരെ പൊലീസ് ബസിലേക്ക് പിടിച്ചുകയറ്റിയത്. പൊലീസ് എത്ര അതിക്രമം നടത്തിയാലും അറസ്റ്റ് ചെയ്താലും സമരവുമായി അടുത്ത ദിവസങ്ങളിലും ജന്തർമന്തറിലേക്ക് എത്തുമെന്ന് നേഹ ബോറ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

