ഉത്തർപ്രദേശിൽ ചരിത്രപ്രസിദ്ധമായ മസ്ജിദ് പൊളിച്ചതിൽ പ്രതിഷേധം ശക്തം
text_fieldsസഹാറൻപൂരിൽ ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ മസ്ജിദ് ജില്ല ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കുന്നു
ന്യൂഡൽഹി: കലക്ടറേറ്റിന്റെ പേരിൽ ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ മസ്ജിദ് ജില്ല ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയ സംഭവത്തിൽ പ്രതിഷേധം കനത്തതോടെ അത് തടയാൻ യു.പി സർക്കാറിന്റെ നീക്കം. പ്രദേശത്തേക്കുള്ള പ്രതിപക്ഷ നേതാക്കളുടെ സന്ദർശനം ഏത് വിധേനയും തടയുകയാണ് യു.പി ഭരണകൂടം. പ്രദേശത്തേക്ക് പുറപ്പെട്ട ഉത്തരപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമാജ്വാദി പാർട്ടി എം.എൽ.എ അതുൽ പ്രധാനെ പൊലീസ് വീട്ടുതടങ്കലിലാക്കി. പാർട്ടി നിയോഗിച്ച 22 അംഗ വിദഗ്ധ പ്രതിനിധി സംഘത്തോടൊപ്പം സഹാറൻപൂരിലേക്ക് തിരിക്കാനിരിക്കെയാണ് വീട്ടുതടങ്കലിലാക്കിയത്.
പള്ളി നിർമിച്ച ശേഷമാണ് ഭരണകൂടം അവിടെ കലക്ടറേറ്റ് പണിതുയർത്തിയതെന്നും, ഇപ്പോൾ അതേ കലക്ടറേറ്റ് വളപ്പിൽ പള്ളി അനധികൃതമാണെന്ന് വരുത്തിത്തീർക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിപക്ഷ കക്ഷികളും മുസ്ലിം സംഘടനകളും ചൂണ്ടിക്കാട്ടുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടാണ് യോഗി ആദിത്യനാഥ് സർക്കാറിന്റെ ഈ നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
കഴിഞ്ഞ വർഷം ബജ്റംഗ്ദൾ പ്രവർത്തകൻ വികാസ് ത്യാഗി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, റവന്യൂ ഭൂമിയിലെ ‘വിശ്രമ കേന്ദ്രം’ മസ്ജിദാക്കി മാറ്റിയതാണെന്ന് ആരോപിച്ച് ജില്ല ഭരണകൂടം കേസ് ഫയൽ ചെയ്യുകയായിരുന്നു. സിറ്റി മജിസ്ട്രേറ്റ് കോടതിയും തുടർന്ന് ജില്ല കോടതിയും പള്ളി അയോഗ്യമാക്കുകയും 6.41 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു. ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിനെ കേസിൽ കക്ഷിപോലും ആക്കാതെയാണ് ജില്ല കോടതി വിധി പുറപ്പെടുവിച്ചത്. 1911 മുതലുള്ള റവന്യൂ രേഖകളും 1957 മുതൽ മുനിസിപ്പൽ കോർപറേഷനിലും വഖഫ് ബോർഡിലും രേഖപ്പെടുത്തിയ തെളിവുകൾ സഹിതം പള്ളി അധികൃതർ കോടതിയെ സമീപിച്ചിരുന്നു.
സെപ്റ്റംബർ രണ്ടിന് ജില്ല കോടതി അപ്പീൽ തള്ളിയതിന് തൊട്ടുപിന്നാലെ, അപ്പീൽ നൽകാൻ കൂടുതൽ സമയം നൽകാതെ സെപ്റ്റംബർ അഞ്ചിന് പുലർച്ചെ വൻ പൊലീസ് സന്നാഹത്തോടെയാണ് ഭരണകൂടം പള്ളി പൊളിച്ചുനീക്കിയത്. പ്രദേശത്തെ എം.പിമാരായ ഇഖ്റ ഹസൻ, ഇമ്രാൻ മസൂദ് തുടങ്ങിയ നേതാക്കളെയും ജനപ്രതിനിധികളെയും വീട്ടുതടങ്കലിലാക്കിയ ശേഷമായിരുന്നു നടപടി. മറ്റു മതങ്ങളെ ബഹുമാനിക്കാത്തവർക്ക് ഒരിക്കലും സനാതനികളാകാൻ കഴിയില്ലെന്നും ഒരു യഥാർഥ ഹിന്ദുവിന് ഒരിക്കലും മറ്റൊരാളെ അപമാനിക്കാൻ കഴിയില്ലെന്നും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു.
പള്ളികൾ തിടുക്കത്തിൽ അനധികൃതമാണെന്ന് പ്രഖ്യാപിക്കുകയും അവ പൊളിച്ചുനീക്കുകയും ചെയ്യുന്ന പ്രചാരണത്തിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്മാറണമെന്ന് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കൂടിയായ മായാവതി ആവശ്യപ്പെട്ടു. പള്ളിയുടെ ഭൂമിയിൽ കലക്ടറേറ്റുണ്ടാക്കിയ ശേഷം പള്ളി നിൽക്കുന്നത് കലക്ടറേറ്റ് ഭൂമിയിലാണെന്നുപറഞ്ഞ് പൊളിക്കൽ നിയമവിരുദ്ധമായതുകൊണ്ടാണ് തിരക്കിട്ട് പൊളിച്ചതെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കുറ്റപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വർഗീയ രാഷ്ട്രീയം കളിക്കുകയാണ് ഇതിന് പിന്നിലുള്ള ലക്ഷ്യമെന്ന് ഉപാധ്യക്ഷൻ മലിക് മുഅ്തസിം ഖാൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
പള്ളിക്ക് താഴെ കിണർ കണ്ടെത്തിയെന്ന്; എ.എസ്.ഐ പരിശോധന ആരംഭിച്ചു
സഹാറൻപൂർ: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ജില്ല കലക്ടറേറ്റ് വളപ്പിൽ പൊളിച്ചുനീക്കിയ പള്ളിയുടെ അവശിഷ്ടങ്ങൾ മാറ്റുന്നതിനിടെ കണ്ടെത്തിയ കിണറിൽ കേന്ദ്ര പുരാവസ്തു സർവേ സംഘം പരിശോധന തുടങ്ങി. കിണറിന്റെ പഴക്കവും ചരിത്രപരമായ പ്രാധാന്യവും നിർണയിക്കാനാണ് പരിശോധന. ഞായറാഴ്ച അവശിഷ്ടങ്ങൾ മാറ്റുന്നതിനിടെയാണ് ഏകദേശം 20 അടി താഴ്ചയും 1.5 മീറ്റർ വീതിയുമുള്ള, ഇരുമ്പ് തകിടുള്ള കിണർ കണ്ടെത്തിയത്. പിന്നാലെ ഇതിന്റെ പഴക്കവും ചരിത്രപരമായ പ്രാധാന്യവും സംബന്ധിച്ച് ചർച്ചകളും ഉയർന്നിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ മൂന്ന് എ.എസ്.ഐ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന ആരംഭിച്ചത്. ഫോട്ടോയും വിഡിയോയും പകർത്തുന്നതിനൊപ്പം കിണറിനുള്ളിൽ നിന്ന് മണ്ണ്, ഇഷ്ടിക അവശിഷ്ടങ്ങൾ എന്നിവയുടെ സാമ്പിളുകളും ശേഖരിക്കുകയും ചെയ്തിട്ടുണ്ടെന്നും സദർ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് സുബോധ് കുമാർ പറഞ്ഞു.
അതേസമയം, മസ്ജിദ് നിർമിക്കുന്നതിനുമുമ്പ് ഇവിടെ ഒരു ക്ഷേത്രം നിലനിന്നിരിക്കാം എന്ന് കേസിൽ പരാതിക്കാരനും ബജ്റംഗ്ദൾ പ്രവർത്തകനുമായ വികാസ് ത്യാഗി അവകാശപ്പെട്ടു. എന്നാൽ, കിണർ പള്ളിയുടെ ഭാഗമായിരുന്നുവെന്നും നമസ്കാരത്തിന് മുന്നോടിയായി ശരീരശുദ്ധി വരുത്തുന്നതിനായി വെള്ളമെടുക്കാൻ ഉപയോഗിച്ചിരുന്നതാണെന്നും കോൺഗ്രസ് എം.പി ഇമ്രാൻ മസൂദും വ്യക്തമാക്കി. ശക്തമായ പൊലീസ് സുരക്ഷയിൽ സെപ്റ്റംബർ അഞ്ചിനാണ് ഒന്നര നൂറ്റാണ്ട് പഴക്കമുള്ള പള്ളി പൊളിച്ചുനീക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

