കർഷകർ ഹോട്ടൽ വളഞ്ഞു; ബി.ജെ.പി നേതാക്കളെ പൊലീസ് പുറത്തെത്തിച്ചത് പിൻവാതിൽ വഴി
text_fieldsrepresentational image
ഭാഗ്‌വാര: പഞ്ചാബിലെ ഹോട്ടലില്‍ മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷ പരിപാടിക്കെത്തിയ ബി.ജെ.പി നേതാക്കളെ കര്‍ഷകർ തടഞ്ഞതിനെത്തുടർന്ന് പൊലീസ് പുറത്ത് കടത്തിയത് പിൻവാതിലിലൂടെ. ഹോട്ടലിന് മുന്നില്‍ പ്രതിഷേധവുമായി ഒത്തുകൂടിയ ഭാരതി കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകർ ബി.ജെ.പി നേതാക്കളെ ഹോട്ടലിന് പുറത്തേക്ക് വിടില്ലെന്ന് നിലപാടെടുക്കുകയായിരുന്നു.
നേതാക്കളെയും പ്രവര്‍ത്തകരെയും പുറത്തേക്ക് വിടില്ലെന്ന് അറിയിച്ച കർഷകർ പരിപാടിക്കെത്തിയ ബി.ജെ.പി മഹിള നേതാവ് ഭാരതി ശർമയടക്കമുള്ള നേതാക്കളെ അകത്തേക്ക് കടത്തിവിടാനും അനുവദിച്ചില്ല.
തുടര്‍ന്ന് ഹോട്ടലിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ ഓരോരുത്തരെയായി പൊലീസ് പിൻവാതിലിലൂടെ പുറത്ത് കടത്തുകയായിരുന്നു. ബി.ജെ.പി ജില്ലാ, ബോക്ക് പ്രസിഡന്‍റുമാരായ രാകേഷ് ദഗ്ഗല്‍, പരംജിത്ത് സിങ്, മുന്‍ മേയര്‍ അരുണ്‍ ഖോസ്‌ല എന്നിവരാണ് ഹോട്ടലിനുള്ളില്‍ കുടുങ്ങിയത്.
അതേസമയം ഹോട്ടല്‍ ഉടമ ബി.ജെ.പിക്കാരനാണെന്നും കാലി-കോഴിത്തീറ്റകൾ വിൽപന നടത്തുന്ന ഇയാളുടെ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുമെന്നും കർഷകർ അറിയിച്ചു. കർഷകർക്കെതിരെ ഗൂഡാലോചന നടത്താനായാണ് ഇവർ ഹോട്ടലിൽ ഒരുമിച്ച് കൂടിയതെന്ന് കർഷക സംഘടന നേതാവ് കിര്‍പാല്‍ സിങ് മുസ്സാപൂര്‍ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും ഫഗ്വാര സ്വദേശിയായ കേന്ദ്രമന്ത്രി സോംപ്രകാശിനുമെതിരെ മുദ്രാവാക്യം മുഴക്കിയാണ് കര്‍ഷകര്‍ ഹോട്ടലിനു മുന്നില്‍ പ്രതിഷേധം നടത്തിയത്. ഹോട്ടലിന് മുന്നിൽ സംഘടനയുടെ കൊടി നാട്ടിയ പ്രവർത്തകർ ഇത് നീക്കം ചെയ്യുകയോ ഭാവിയിൽ ബി.ജെ.പി പരിപാടികൾ നടത്തുകയോ ചെയ്താൽ വീണ്ടും സമരങ്ങൾ സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയാണ് പിൻവാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

