നിയമം പിൻവലിക്കാതെ പിന്നോട്ടില്ല; സമരവേദിക്ക് സമീപം വീടുകൾ നിർമിച്ച് കർഷകർ
text_fieldsന്യൂഡൽഹി: നാലുമാസം പിന്നിട്ടതിന് പിന്നാലെ സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ. ഇതിന്റെ ഭാഗമായി തിക്രി അതിർത്തിയിൽ കർഷകർ ചെറു വീടുകളുടെ നിർമാണത്തിന് തുടക്കം കുറിച്ചു. 20,000 രൂപ മുതൽ 25,000 രൂപ വരെ ചെലവ് വരുന്ന വീടുകളാണ് നിർമിക്കുന്നത്. ലക്ഷ്യം കാണുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്ന സൂചനയാണ് കർഷകർ നൽകുന്നത്.
കർഷകർ വീട് നിർമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വളരെ കുറച്ച് വിഭവങ്ങളുപയോഗിച്ചാണ് വീടുകളുടെ നിർമാണം പുരോഗമിക്കുന്നത്. ഇതുവരെ ട്രാക്ടറുകളിലും ട്രക്കുകളിലുമാണ് കർഷകർ താമസിച്ചിരുന്നത്. എന്നാൽ, ട്രാക്ടറുകളും ട്രക്കുകളും ഗ്രാമങ്ങളിലേക്ക് തിരിച്ചയക്കേണ്ടതിനാലാണ് വീടു നിർമാണം തുടങ്ങിയത്.
അതേസമയം, വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കേന്ദ്രസർക്കാർ. പത്തുതവണ ചർച്ച നടത്തിയിട്ടും ഇക്കാര്യത്തിൽ തീരുമാനമായിരുന്നില്ല. നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിക്കില്ലെന്നാണ് കർഷകരുടെ നിലപാട്.

