പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ അറസ്റ്റ്; മണിപ്പൂരിൽ പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ
text_fieldsമണിപ്പൂരിലെ സംഘർഷം
ചുരാചന്ദ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പൂർ സന്ദർശനത്തിനിടെ രണ്ടുപേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തതിൽ വൻ പ്രതിഷേധം. ഞായറാഴ്ച ചുരാചന്ദ്പൂരിൽ നടന്ന പ്രതിഷേധം സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് അനധികൃതമായി ബാനറുകളും കട്ടൗട്ടുകളും പ്രദർശിപ്പിച്ചതിനാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്.
മോദി മണിപ്പൂർ സന്ദർശിക്കാനിരിക്കെ സെപ്റ്റംബർ 11 രാത്രിയിലാണ് പീഴ്സൺമണിലും ഫൈലിയൻ ബസാറിലുമായി നിരവധി ബാനറുകളും കട്ടൗട്ടുകളും നശിപ്പിക്കപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എന്നാൽ, ചോദ്യം ചെയ്യലിന് ശേഷം രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും ബാക്കിയുള്ളവരെ വിട്ടയക്കുകയും പൊലീസ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ചുരാചന്ദ്പൂർ പൊലീസ് സ്റ്റേഷന് മുമ്പിൽ ഇന്ന് പ്രതിഷേധം അരങ്ങേറിയത്.
മണിപ്പൂരിൽ കലാപത്തെ തുടർന്ന് രണ്ടു വർഷത്തിലേറെയായി അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം സന്ദർശിച്ചത്. 7000 വീടുകൾ നിർമിക്കുമെന്നും കലാപബാധിതരെ പുനരധിവസിപ്പിക്കുമെന്നും പ്രഖ്യാപിച്ച മോദി, ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചക്ക് ക്ഷമാപണം നടത്താൻ തയാറായില്ല. പകരം ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും സമാധാനത്തിന് ആഹ്വാനം ചെയ്യുകയുമാണ് മോദി ചെയ്തത്.
മെയ്തി-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇതുവരെ 260ലേറെ പേരാണ് കൊല്ലപ്പെട്ടത്. ലോക്സഭയുടെ വർഷകാല സമ്മേളനത്തിൽ ആറു മാസത്തേക്ക് കൂടി മണിപ്പൂരിലെ രാഷ്ട്രപതി ഭരണം നീട്ടി കേന്ദ്രസർക്കാർ പാർലമെൻറിൽ പ്രമേയം പാസാക്കിയിരുന്നു.
മണിപ്പൂരിനെ വംശീയമായി വിഭജിക്കാൻ ബി.ജെ.പി നടത്തിയ കളിയുടെ പരിണിതഫലമാണ് രണ്ട് വർഷം പിന്നിട്ടിട്ടും ശമിക്കാത്ത കുകികളും മെയ്തെയ്കളും തമ്മിലുള്ള സംഘർഷം എന്നാണ് പ്രതിപക്ഷ കക്ഷികളും പൗരാവകാശ സംഘടനകളും ആരോപിക്കുന്നത്. എന്നാൽ, മണിപ്പൂർ സംഘർഷത്തെ വംശീയമെന്നോ വർഗീയമെന്നോ വിശേഷിപ്പിക്കുന്നതിനെക്കാൾ രാഷ്ട്രീയവും ഭരണപരവുമായ വിഷയമെന്ന നിലയിൽ കാണാനാണ് സംസ്ഥാനത്ത് നിന്നുള്ള രാഷ്ട്രീയ നേതാക്കൾ ആഗ്രഹിക്കുന്നത്.
ഭൂരിപക്ഷ ഹിന്ദുക്കളെയും ന്യൂനപക്ഷ ക്രിസ്ത്യാനികളെയും രാഷ്ട്രീയ നേട്ടത്തിനായി തമ്മിലടിപ്പിക്കുകയായിരുന്നു ബി.ജെ.പി എന്നാണ് അവരുടെ പക്ഷം. കലാപത്തിൽ പങ്കാളികളായ നിരവധി സായുധ ഗ്രൂപ്പുകളുമായി ബി.ജെ.പിക്കുള്ള ബന്ധവും ഇവരെടുത്തു കാട്ടുന്നു. ദീർഘകാലം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകാൻ കഴിയാത്ത തരത്തിൽ ഒരു കലാപം നീണ്ടുനിൽക്കാൻ അനുവദിച്ചത് പ്രധാനമന്ത്രിയുടെ പരാജയമാണെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

