ന്യൂഡൽഹി: ഉത്തർ പ്രദേശിലെ ഹാഥറസിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രാർഥന സംഗമത്തിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഡൽഹിയിലെ മഹാഋഷി വാത്മീകി ക്ഷേത്രത്തിൽ ദിവസങ്ങളായി നടക്കുന്ന പ്രാർഥന സംഗമത്തിലേക്ക് പൊലീസ് വിലക്ക് മറികടന്ന് പ്രിയങ്ക എത്തുകയായിരുന്നു.
അതേസമയം, ഇന്ത്യ ഗേറ്റിൽ വിവിധ സംഘടനകൾ പ്രഖ്യാപിച്ച ഹാഥറസ് കൂട്ടബലാത്സംഗക്കൊലക്കെതിരായ പ്രതിഷേധ സംഗമം ജന്തർ മന്തറിലേക്ക് മാറ്റി. ഇന്ത്യാ ഗേറ്റിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടർന്നാണ് പ്രതിഷേധ സംഗമം ജന്തർ മന്തറിലേക്ക് മാറ്റിയത്. ഭീം ആർമി, ആം ആദ്മി പാർട്ടി, ഇടതുപാർട്ടികൾ എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന സംഗമത്തിന് കോൺഗ്രസിൻെറ പിന്തുണയുമുണ്ട്.
ഗുജറാത്ത് എം.എൽ.എയും ആക്ടിവിസ്റ്റുമായ ജിഗ്നേഷ് മേവാനി പ്രതിഷേധ പരിപാടിയിലേക്ക് എത്തിയിട്ടുണ്ട്. ഭീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദ് അടക്കമുള്ള നേതാക്കൾ പങ്കെടുക്കുമെന്നാണ് വിവരം.