കുടിയേറ്റക്കാരെ വോട്ടർമാരാക്കാൻ നീക്കം; പ്രതിഷേധവുമായി ഡി.എം.കെയും സഖ്യകക്ഷികളും രംഗത്ത്
text_fieldsചെന്നൈ: വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരെ തമിഴ്നാട്ടിലെ വോട്ടർപട്ടികയിലുൾപ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനത്തെ എതിർത്ത് ഡി.എം.കെയും സഖ്യകക്ഷികളും. ബിഹാറിൽ നിന്നുള്ള ആറര ലക്ഷം അതിഥി തൊഴിലാളികളെ വോട്ടർ പട്ടികയിൽ ചേർത്തിട്ടുണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ഡി.എം.കെ ജനറൽ സെക്രട്ടറിയും മന്ത്രിയുമായ എസ്. ദുരൈമുരുകൻ പ്രസ്താവിച്ചു.
ലക്ഷക്കണക്കിന് അതിഥി തൊഴിലാളികൾ തമിഴ്നാട്ടിൽ ജോലി ചെയ്യുന്നുണ്ട്. ഇത് സംസ്ഥാനങ്ങളുടെ തനത് സംസ്കാരത്തിനും പാരമ്പര്യത്തിനും നേരെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ സംസ്ഥാനത്തെ വോട്ടർ പട്ടികയിലുൾപ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തെ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം അപലപിച്ചു.
വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ നടപടികൾ ഒളിഞ്ഞും തെളിഞ്ഞും നടപ്പാക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് ഡി.എം.കെ നേതാവ് എ. രാജ എം.പി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് കമീഷനിലൂടെ ബി.ജെ.പി സർക്കാർ ആസൂത്രിതമായ ജനാധിപത്യ വിരുദ്ധ നടപടികളാണ് കൈക്കൊള്ളുന്നതെന്നും എല്ലാ സംസ്ഥാനങ്ങളിലും വോട്ടർപട്ടിക അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും വിടുതലൈ ശിറുതൈകൾ കക്ഷി നേതാവ് ടി. തിരുമാവളവൻ എം.പി ആരോപിച്ചു.
വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 80 ലക്ഷത്തോളംപേർ തമിഴ്നാട്ടിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്. ഇവരെയെല്ലാം വോട്ടർമാരായി ഉൾപ്പെടുത്താനാണ് നീക്കം. ഗുരുതരമായ ഈ പ്രശ്നത്തെക്കുറിച്ച് വിശദമായ ചർച്ച നടത്താൻ സർവകക്ഷി യോഗം വിളിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനോട് തിരുമാവളവൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

