Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാനാത്വത്തിലെ ഏകത്വമായി ജാമിഅയിലെ സമര വിജയം

text_fields
bookmark_border
സമരത്തിന്റെ ഗതി നിർണയിച്ചത് മലയാളികളാണെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല
നാനാത്വത്തിലെ ഏകത്വമായി ജാമിഅയിലെ സമര വിജയം
cancel
camera_alt

ഡൽഹി ജാ​മി​അ മി​ല്ലി​യ്യ ഇ​സ്‍ലാ​മി​യ​യി​ലെ വി​ദ്യാ​ർ​ഥികൾ സമര വിജയത്തിന്റെ ആഹ്ലാദത്തിൽ 

ന്യൂഡൽഹി: വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളും ആശയധാരകളും സംഘടനാ പശ്ചാത്തലവുമുള്ള വിദ്യാർഥി സംഘടനകൾ ഒരേ ലക്ഷ്യത്തിനായി കൈകോർത്ത ജനാധിപത്യ പോരാട്ടത്തിലൂടെയാണ് ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്ന സർവകലാശാല അധികൃതരെക്കൊണ്ട് തങ്ങൾ പറഞ്ഞിടത്ത് ഒപ്പുവെപ്പിക്കാൻ നാനാത്വത്തിനിടയിലും പ്രകടിപ്പിച്ച ഏകത്വത്തിലൂടെ ജാമിഅ മില്ലിയ്യ ഇസ്‍ലാമിയയിലെ വിദ്യാർഥി സമരക്കാർക്ക് കഴിഞ്ഞത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കലാശിച്ച, പാറ്റകളുടെ നേതൃത്വത്തിൽ നടന്ന ജന്തർ മന്തർ സമരത്തിന് പിന്നാലെ വിദ്യാർഥി സംഘടനകളുടെ സംയുക്ത സംഘാടനത്തിൽ മറ്റൊരു സമരവിജയം കൂടി നേടി ജെൻസികൾ വീണ്ടുമൊരിക്കൽ കൂടി ഇന്ത്യയുടെ ഭാവി രാഷ്ട്രീയത്തിന്റെ ശുഭപ്രതീക്ഷയായി.

അലീഗഢ് സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് സെൻട്രൽ കാന്റീനിലെ തീന്മേശയിൽ കയറിനിന്ന് ഇന്ത്യ അറബ് കൾചറൽ സെന്ററിലെ എം.എ വിദ്യാർഥിയായ ജാസിം ഖാൻ ആദ്യ നിരാഹാര സമരം പ്രഖ്യാപിക്കുന്നത്. പിന്തുണയുമായി മലയാളിയായ എബിൻ ബാസിലും റൈഹാൻ ഖാനും നിരാഹാരം പ്രഖ്യാപിച്ചു. എൻ.എസ്.യു.ഐ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, എം.എസ്.എഫ്, എസ്.എഫ്.ഐ, ഐസ, എസ്.ഐ.ഒ, എ.ഐ.ആർ.എസ്.ഒ, ഡി.ഐ.എസ്.എസ്.സി, ദിശ തുടങ്ങി വ്യത്യസ്ത സംഘടനകൾ കാമ്പസിലെ ജനാധിപത്യ അവകാശങ്ങൾ തിരിച്ചുപിടിക്കാൻ ഒരുമിച്ച് അണിനിരക്കുന്നതാണ് പിന്നീട് കണ്ടത്.സമരത്തിന്റെ ഗതി നിർണയിച്ചത് മലയാളികളാണെന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല.

നിരാഹാരമിരുന്ന എൻ.എസ്.യു.ഐയിലെ എബിൻ ബാസിലിനെപ്പോലെ വിദ്യാർഥി പ്രതിനിധി സംഘത്തിൽ അധികൃതരുമായി നിരന്തരം സംസാരിച്ചുകൊണ്ടിരുന്ന ഫ്രറ്റേണിറ്റിയുടെ ലുബൈബ് ബശീറും അറസ്റ്റ്ചെയ്ത് തിഹാർ ജയിലിലടക്കപ്പെട്ട എ.ഐ.ആർ.എസ്.ഒയുടെ നിരഞ്ജനുമെല്ലാം ജാമിഅ വിദ്യാർഥി സമരത്തിന്റെ മലയാളി മുഖങ്ങളായി മാറി. മൂന്ന് ദിവസം തിഹാർ ജയിലിൽ കിടന്ന നിരഞ്ജൻ സമരം വിജയിച്ച രാത്രിയാണ് മോചിതനാകുന്നത്. ഐസയുടെ നവിലും എം.എസ്.എഫിന്റെ സഹദുമായി സമര രംഗത്തുള്ള മിക്ക പാർട്ടികളുടെയും തലപ്പത്ത് മലയാളി വിദ്യാർഥികളാണുണ്ടായിരുന്നത്.

മുസ്‍ലിം പെൺകുട്ടികൾ മുന്നിൽനിന്ന് നയിച്ച സമരമെന്ന നിലക്കും ചരിത്രം അടയാളപ്പെടുത്തുകയാണ്. ഫ്രറ്റേണിറ്റിയുടെ നൗഷീൻ ഫാറൂഖും ഹനീന ഉമറും ദിൽറുബ ശർഖിയും എം.എസ്.എഫിന്റെ ഹനയും സനയും എൻ.എസ്.യു.ഐയുടെ സഹ്‍വയും ഐസയുടെ മൻതശയും സമര പ്രതീകങ്ങളായതോടെ സംഘടനകളിലില്ലാത്ത മുസ്‍ലിം വിദ്യാർഥിനികളും സമരത്തിന്റെ ഭാഗമായി.

സാധാരണഗതിയിൽ വിവിധ വിദ്യാർഥി സംഘടനകൾ തമ്മിൽ ആശയപരമായും രാഷ്ട്രീയപരമായും അഭിപ്രായവ്യത്യാസങ്ങൾ പലപ്പോഴും ഭിന്നിപ്പിലേക്ക് നയിക്കാറുണ്ട്. എന്നാൽ, ജാമിഅയിലെ സമരത്തിൽ ആ വ്യത്യാസങ്ങൾ പോരാട്ടത്തിന്റെ പൊതു ലക്ഷ്യത്തിന് മുന്നിൽ രണ്ടാം സ്ഥാനത്തായി. കാമ്പസിന്റെ പൊതുതാൽപര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഐക്യവേദി രൂപപ്പെടുത്താനും സംയുക്തമായി പ്രവർത്തിക്കാനും വിദ്യാർഥികൾ തയാറായത് സമരത്തിന് വിശാല പിന്തുണ നേടിക്കൊടുത്തു. പ്രക്ഷോഭം ശക്തിപ്പെടുന്നതിൽ സ്വതന്ത്ര വിദ്യാർഥികൾ, ഗവേഷകർ, പൂർവവിദ്യാർഥികൾ, അധ്യാപക സമൂഹത്തിലെ ചിലർ എന്നിവരുടെ പിന്തുണയും നിർണായകമായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - protest in Jamia Millia Islamia
Next Story