‘പാറ്റ’കൾ തെരുവിൽ; അംബേദ്കറുടെ ആത്മകഥ കൈയിലേന്തി അഭിജീത് ദീപ്കെ
text_fieldsന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജ്യ ആവശ്യപ്പെട്ട് പാറ്റ പാർട്ടിയുടെ (കോക്രോച്ച് ജനതാ പാർട്ടി - സി.ജെ.പി) നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം തുടങ്ങി.
സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെയും നിരവധി പ്രവർത്തകരും ഇവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. യു.എസിൽനിന്ന് രാവിലെ ഡൽഹി വിമാനത്താവളത്തിലെത്തിയ അഭിജീത്തുമായി ഡൽഹി പൊലീസ് ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ് പ്രതിഷേധത്തിന് അനുമതി നൽകിയത്. ഡോ. ബി.ആർ. അംബേദ്കറിന്‍റെ ആത്മകഥയും ഉയർത്തിപിടിച്ച് വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയ അഭിജീത് പ്രവർത്തകരുമായി നേരെ ജന്തർ മന്തറിലെത്തുകയായിരുന്നു. ധർമേന്ദ്ര പ്രധാൻ രാജിവെക്കണം എന്ന് മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്.
‘നമ്മളാണ് വിദ്യാഭ്യാസ മന്ത്രിയെ തെരഞ്ഞെടുത്ത് അവിടേക്ക് അയച്ചത്. നമ്മുടെ നികുതി പണത്തിൽനിന്നാണ് അദ്ദേഹത്തിന് ശമ്പളം നൽകുന്നത്. അദ്ദേഹത്തിനു കീഴിൽ രാജ്യത്തെ ലണകണക്കിന് യുവാക്കളുടെ ഭാവി ഇരുട്ടിലായി’ -സി.ജെ.പി അവരുടെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും സ്കൂൾ, കോളജ് വിദ്യാർഥികളും യുവാക്കളുമാണ്. പാറ്റകളുടെ മുഖാവരണം ധരിച്ച് കൈയിൽ പൂക്കളുമായി നിരവധി സ്കൂളിൽ വിദ്യാർഥികളും പ്രതിഷേധത്തിന് എത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ രൂപംകൊണ്ട് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണ നേടിയ ആക്ഷേപഹാസ്യ കൂട്ടായ്മ ആദ്യമായാണ് തെരുവിലേക്ക് ഇറങ്ങുന്നത്.
നേരത്തെ, പ്രവർത്തകരെ നേരിട്ടു കാണുന്നതിലുള്ള ആകാംക്ഷ അഭിജീത് എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. അതേസമയം, വിമാനത്താവളത്തിലോ ജന്തർ മന്തറിലോ വലിയ ജനക്കൂട്ടം എത്തിയിരുന്നില്ല. ദേശീയ പതാകയും കൈയിൽ ഒരു നോട്ടു പുസ്തകവുമായി ജന്തർ മന്തറിലേക്ക് വരാനാണ് പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നത്. മുൻകരുതൽ നടപടിയായി ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, പ്രധാന റെയിൽവേ സ്റ്റേഷനുകൾ, അന്തർസംസ്ഥാന ബസ് ടെർമിനലുകൾ, അതിർത്തി പ്രവേശന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കി.
ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയ നീറ്റ് യു.ജി ചോദ്യ പേപ്പർ ചോർച്ച, സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ മൂല്യനിർണയ ക്രമക്കേട് വിഷയങ്ങളിലാണ് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് സി.ജെ.പി ആവശ്യപ്പെടുന്നത്. പ്രതിഷേധത്തിനെതിരെയുള്ള ഹരജിയിൽ അടിയന്തരമായി വാദം കേൾക്കാൻ ഡൽഹി ഹൈകോടതി വെള്ളിയാഴ്ച വിസമ്മതിച്ചിരുന്നു. പ്രതിഷേധ ആഹ്വാനം ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുമെന്ന് പറഞ്ഞ് ‘സേവ് ഇന്ത്യ ഫൗണ്ടേഷൻ’ ആണ് ഹരജി നൽകിയത്. പ്രതിഷേധം കണക്കിലെടുത്ത് ദേശീയ തലസ്ഥാനത്തുടനീളം ഡൽഹി പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

