അസമിലെ ഗോത്ര മേഖലയിൽ വീണ്ടും സംഘർഷം
text_fieldsഗുവാഹതി: അസമിൽ ഗോത്ര വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള കർബി ആംഗ്ലോങ് ജില്ലയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ വീണ്ടും സംഘർഷം. തിങ്കളാഴ്ച മുതൽ നിരോധനാജ്ഞ നിലനിൽക്കുന്ന മേഖലയിൽ ഒരു വിഭാഗം പ്രതിഷേധ പ്രകടനമായി എത്തിയതോടെയാണ് വീണ്ടും സംഘർഷമുണ്ടായത്. പൊലീസ് ലാത്തി വീശിയും ടിയർ ഗ്യാസ് പ്രയോഗിച്ചും സമരക്കാരെ തുരത്തി.
ഗോത്രമേഖലയിലെ അനധികൃത കുടിയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം സത്യഗ്രഹ സമരം നടത്തിയിരുന്നു. ഈ മേഖലയിലുള്ള കുടിയൊഴിപ്പിക്കൽ ഭീഷണിയിലുള്ള മറുവിഭാഗം തങ്ങളുടെ കടകൾ അഗ്നിക്കിരയാക്കിയതടക്കമുള്ള സംഭവങ്ങളിൽ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് ഏറ്റുമുട്ടലിന് വഴിവെച്ചത്. കഴിഞ്ഞയാഴ്ച, നേരിയ സംഘർഷമുണ്ടായപ്പോൾ തന്നെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വിഷയത്തിൽ ഇടപെടുകയും മന്ത്രി റനോജ് പെഗുവിനെ ജില്ലയിലേക്ക് അയക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി അവിടെയെത്തിയ പെഗു പ്രതിഷേധക്കാരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ സത്യഗ്രഹ സമരം അവസാനിപ്പിച്ചു.
ഇതിനിടെ, കടകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണമുണ്ടായതാണ് മറുവിഭാഗത്തെ പ്രകോപിപ്പിച്ചത്. ചൊവ്വാഴ്ച പ്രതിഷേധ പ്രകടനമായി ഇവർ എത്തിയതോടെ സംഘർഷത്തിലേക്ക് വഴിമാറി. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

