ബംഗാളിലെ നിർദിഷ്ട ബാബരി മോഡൽ മസ്ജിദ്: സംഭാവന ലഭിച്ചത് 1.30 കോടി രൂപ
text_fieldsമുർഷിദാബാദിലെ ബാബറി മോഡൽ മസ്ജിദ് ശിലാസ്ഥാപനത്തിന് ഇഷ്ടികകളുമായി എത്തുന്നവർ
കൊൽക്കത്ത: പുറത്താക്കപ്പെട്ട തൃണമൂൽ എം.എൽ.എ ഹുമയൂൺ കബീർ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ഡിസംബർ ആറിന് ശിലയിട്ട നിർദിഷ്ട ബാബരി മോഡൽ മസ്ജിദ് നിർമാണത്തിന് സംഭാവന ലഭിച്ചത് 1.30 കോടി രൂപ.
നാലു പെട്ടികളിലെ പണമായി 37.33 ലക്ഷം രൂപയും ക്യു.ആർ കോഡ് വഴി 93 ലക്ഷവുമാണ് ലഭിച്ചത്. ഏഴ് സംഭാവന പെട്ടികൾ പൊട്ടിച്ച സംഖ്യ കൂടി ചേർക്കാനുണ്ടെന്ന് ഹുമയൂൺ കബീർ പറഞ്ഞു. മുൻ കോൺഗ്രസ് എം.എൽ.എ ആയ ഹുമയൂൺ കബീർ ഇടക്കാലത്ത് ബി.ജെ.പിയിലേക്ക് മാറിയശേഷം 2020ൽ വീണ്ടും തൃണമൂലിലെത്തിയതായിരുന്നു.
സംസ്ഥാനത്ത് ധ്രുവീകരണം കൂടുതൽ ശക്തമാക്കി പുതിയ പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. ശിലാസ്ഥാപന ചടങ്ങിൽ പതിനായിരങ്ങൾ പങ്കെടുത്തിരുന്നു. അന്ന് നിർദിഷ്ട സ്ഥലത്ത് 11 പെട്ടികൾ സംഭാവനക്കായി ചുറ്റും സ്ഥാപിച്ചിരുന്നു. ഇപ്പോഴും ഇഷ്ടികയും പണവുമായി ആളുകൾ സ്ഥലത്തെത്തുന്നത് തുടരുകയാണ്. ഞായറാഴ്ച വൈകുന്നേരം ഏഴുമണിക്ക് നാലു പെട്ടികൾ എണ്ണൽ ആരംഭിച്ചത് അർധരാത്രിവരെ തുടർന്നു. ഇതേസംഘം തിങ്കളാഴ്ച അവശേഷിച്ച പെട്ടികൾകൂടി എണ്ണും.
തൃണമൂൽ പുറത്താക്കിയ ഹുമയൂൺ കബീർ ഡിസംബർ 22ന് പുതിയ പാർട്ടി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുർഷിദാബാദിലെ റെജിനഗറിൽ ശിലയിട്ട മസ്ജിദ് എന്തു വില കൊടുത്തും നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറയുന്നു. മസ്ജിദ് നിർമാണം സംസ്ഥാനത്ത് കടുത്ത രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

