നാഷണൽ ഹെറാൾഡ് കേസ്: 751 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിലുള്ള ‘നാഷനൽ ഹെറാൾഡ്’ പത്രത്തിന്റെ നടത്തിപ്പു കമ്പനി ‘യങ് ഇന്ത്യനി’ന്റെ 751.9 കോടിയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എം.എൽ.എ) പത്രം പ്രസിദ്ധീകരിക്കുന്ന അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനും (എ.ജെ.എൽ) അവരുടെ ഹോൾഡിങ് കമ്പനിയായ യങ് ഇന്ത്യനും ഇതു സംബന്ധിച്ച താൽക്കാലിക ഉത്തരവ് ഇ.ഡി കൈമാറിയിട്ടുണ്ട്. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് ഇ.ഡി നടപടിയെന്നതിനാൽ ഇത് കേന്ദ്രത്തിന്റെ രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ള നീക്കമാണെന്ന് വ്യാപക ആക്ഷേപം ഉയർന്നു.
ഇ.ഡി ബി.ജെ.പിയുടെ സഖ്യകക്ഷിയായി മാറിയെന്ന് കോൺഗ്രസ് ആരോപിച്ചു. ഏജൻസിയുടേത് വെറും കുടിപ്പക രാഷ്ട്രീയമാണെന്നും പാർട്ടി അഭിപ്രായപ്പെട്ടു. എ.ജെ.എല്ലിന്റെ ഭാരവാഹികളും കോൺഗ്രസും അവരുടെ ഓഹരി ദാതാക്കളെ കബളിപ്പിച്ചുവെന്ന് ഇ.ഡി പ്രസ്താവനയിൽ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ സോണിയയും രാഹുൽ ഗാന്ധിയുമാണ് യങ് ഇന്ത്യന്റെ പ്രധാന ഉടമസ്ഥർ. ഇതിന്റെ 38 ശതമാനം ഓഹരികൾ ഇവരുടെ പക്കലാണ്.
നിയമപ്രകാരം, താൽക്കാലിക ഉത്തരവ് കള്ളപ്പണം വെളുപ്പിക്കൽ കേസുകൾക്കായുള്ള ഉന്നത സമിതി ആറ് മാസത്തിനുള്ളിൽ അംഗീകരിച്ച ശേഷം മാത്രമെ ഇ.ഡിക്ക് സ്വത്തുക്കൾ പൂർണാർഥത്തിൽ പിടിച്ചെടുക്കാനാകൂ.
ഡൽഹി, മുംബൈ, ലഖ്നോ തുടങ്ങി ഇന്ത്യയിലെ പല നഗരങ്ങളിലായി എ.ജെ.എല്ലിന് കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിൽ വരുന്ന 661.69 കോടിയുടെ സ്വത്തുണ്ടെന്നും യങ് ഇന്ത്യന് എ.ജെ.എല്ലിലെ ഓഹരി നിക്ഷേപത്തിന്റെ രൂപത്തിൽ 90.21 കോടിയുടെ നിക്ഷേപമുണ്ടെന്നും ഇ.ഡി പറയുന്നു.