19 ഖലിസ്താന്‍ വിഘടനവാദികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും; നടപടി കടുപ്പിച്ച് എന്‍.ഐ.എ
text_fieldsന്യൂഡൽഹി: 19 ഖലിസ്താന്‍ വിഘടനവാദി നേതാക്കളുടെ ഇന്ത്യയിലെ സ്വത്തുക്കള്‍കൂടി കണ്ടുകെട്ടാനുള്ള നടപടികള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ആരംഭിച്ചു. കാനഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഖലിസ്താന്‍ അനുകൂലസംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂവിന്റെ പഞ്ചാബിലെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതിനു പിന്നാലെയാണ് എന്‍.ഐ.എ നടപടി കടുപ്പിക്കുന്നത്. യു.കെ, യു.എസ്, കാനഡ, ദുബായ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ ഒളിവില്‍ കഴിയുന്ന19 ഭീകരരുടെ പട്ടിക എന്‍.ഐ.എ തയ്യാറാക്കി. യു.എ.പി.എ ചുമത്തിയാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്.
സരബ്ജീത് സിങ് ബെന്നൂര്‍, കുല്‍വന്ത് സിങ്, വാധ്‌വ സിങ് ബബ്ബാര്‍, ജയ് ധലിവാള്‍, ബര്‍പ്രീത് സിങ്, ബര്‍ജാപ് സിങ്, രഞ്ജിത് സിങ് നീത, ഗുര്‍മീത് സിങ്, ഗുര്‍പ്രീത് സിങ്, ജസ്മീത് സിങ് ഹകിംസാദ, ഗുര്‍ജന്ത് സിങ് ധില്ലണ്‍, പരംജീത് സിങ് പമ്മ, കുല്‍വന്ത് സിങ് മുത്ര, സുഖ്പാല്‍ സിങ്, ലഖ്ബീര്‍ സിങ് റോഡ്, അമര്‍ദീപ് സിങ് പൂരേവാള്‍, ജതീന്തര്‍ സിങ് ഗ്രേവാള്‍, ദുപീന്ദര്‍ ജീത്, ഹിമ്മത് സിങ് എന്നിവരാണ് എന്‍.ഐ.എയുടെ പട്ടികയിലുള്ളത്.
കാനഡയുമായുള്ള ബന്ധം വഷളാവുന്നതിനിടെയാണ് ഖാലിസ്താൻ വിഘടനവാദി നേതാക്കൾക്കെതിരെ ഇന്ത്യ നടപടി ശക്തമാക്കുന്നത്. ഖാലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം കാനഡ ഉയർത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്.
നേരത്തെ, ഗുര്‍പത്‌വന്ത് സിങ് പന്നൂവിന്റെ ഛണ്ഡിഗഢിലെ വീടും അമൃത്സറിലെ ഭൂമിയുമായിരുന്നു എൻ.ഐ.എ പിടിച്ചെടുത്തത്. 22 ക്രിമിനൽ കേസുകളാണ് പന്നുവിനെതിരെ പഞ്ചാബിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ മൂന്ന് രാജ്യദ്രോഹ കേസുകളും ഉൾപ്പെടും.
ഖാൻകോട്ട് ഗ്രാമത്തിലെ കൃഷിഭൂമിയും ഛണ്ഡിഗഢിലെ വീടുമാണ് കണ്ടുകെട്ടിയത്. മുമ്പും പന്നുവിന്റെ സ്വത്തുക്കൾ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കണ്ടുകെട്ടിയിരുന്നു. സുൽത്താൻവിന്ദ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോഴുളള എൻ.ഐ.എ നടപടി.
2019 മുതൽ പന്നു എൻ.ഐ.എയുടെ നിരീക്ഷണത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പഞ്ചാബിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പന്നുവാണ് ചുക്കാൻ പിടിക്കുന്നതെന്നാണ് എൻ.ഐ.എ കണ്ടെത്തൽ. 2023 ഫെബ്രുവരി മൂന്നിന് പന്നുവിനെതിരെ ജാമ്യമില്ല വാറണ്ട് എൻ.ഐ.എ പുറപ്പെടുവിച്ചിരുന്നു. സൈബറിടങ്ങളിൽ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ പന്നുവിന്റെ സംഘടനക്ക് മുഖ്യപങ്കുണ്ടെന്നും എൻ.ഐ.എ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

