'ഇന്ത്യയുടെ പുരാതന പൈതൃകം, യോഗയെ ലോകമെമ്പാടും പ്രോത്സാഹിപ്പിക്കണം'; പാഠ്യപദ്ധതിയിലും സർക്കാർ നിയമനങ്ങളിലും യോഗ നിർബന്ധമാക്കി ഹരിയാന
text_fieldsചണ്ഡീഗഢ്:ഹരിയാനയിലെ വിദ്യാഭ്യാസ മേഖലയിലും സർക്കാർ നിയമനങ്ങളിലും വൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നയാബ് സിങ് സൈനി. വരാനിരിക്കുന്ന അധ്യയന വർഷം മുതൽ 3 മുതൽ 9 വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതിയിൽ യോഗ ഉൾപ്പെടുത്തുമെന്ന് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പഞ്ച്കുലയിൽ നടന്ന സംസ്ഥാനതല പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ഉന്നമനം ലക്ഷ്യമിട്ടാണ് സുപ്രധാന തീരുമാനം. നിലവിൽ എട്ടാം ക്ലാസിൽ യോഗ പാഠ്യപദ്ധതിയിലുണ്ട്.
ഇനിമുതൽ സർക്കാർ ജോലികൾക്കായുള്ള മത്സരപ്പരീക്ഷകളിലും യോഗ സ്ഥാനം പിടിക്കും. ഹരിയാന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, ഹരിയാന പബ്ലിക് സർവീസ് കമ്മീഷൻ എന്നിവ നടത്തുന്ന പരീക്ഷകളിൽ യോഗയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നിർബന്ധമാക്കും. ഇതിനായി പരീക്ഷാ നയങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. യോഗാസനങ്ങളെ ഔദ്യോഗികമായി ഒരു കായിക ഇനമായി സംസ്ഥാന സർക്കാർ അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കായിക വകുപ്പുകളെ 'കായിക, യോഗ വകുപ്പുകൾ' എന്ന് പുനർനാമകരണം ചെയ്യും. സ്കൂളുകളിൽ യോഗ ശരിയായി പഠിപ്പിക്കുന്നതിനായി ശാരീരിക പരിശീലന അധ്യാപകർക്കും മറ്റ് അധ്യാപകർക്കും പ്രത്യേക പരിശീലനം നൽകും. യോഗയ്ക്കും പ്രകൃതിചികിത്സയ്ക്കുമായി പ്രത്യേക സംസ്ഥാനതല സ്ഥാപനം ആരംഭിക്കുമെന്നും സർവകലാശാലകളിലെ 'സെന്റർസ് ഓഫ് എക്സലൻസിൽ' യോഗ ഇനിമുതൽ പ്രധാന ഘടകമായിരിക്കുമെന്നും സൈനി അറിയിച്ചു.
ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുക മാത്രമല്ല, മനസ്സിനെ ശാന്തമാക്കാനും ജീവിതത്തെ അച്ചടക്കമുള്ളതാക്കാനും യോഗ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കാൻ ഓരോരുത്തരും യോഗ ജീവിതചര്യയുടെ ഭാഗമാക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇന്ത്യയുടെ പുരാതന പൈതൃകമായ യോഗയെ ലോകമെമ്പാടും പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം നടപടികളെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

