വാക്ക് പാലിച്ചില്ല; ബി.ജെ.പി നേതാവിന്‍റെ വീടിന് തീയിട്ടു
text_fieldsഗുവാഹതി: അസമിലെ ഭൂമി കൈയേറ്റങ്ങൾക്കെതിരായ സമരത്തെ തുടർന്ന് ബി.ജെ.പി നേതാവിന്‍റെ വീടിന് പ്രക്ഷോഭകാരികൾ തീയിട്ടു. പശ്ചിമ കർബി ആംഗ്ലോങ് ജില്ലയിൽ കുടിയൊഴിപ്പിക്കൽ ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയാണ് ബി.ജെ.പി നേതാവിന്‍റെ വീടിന് തീയിട്ടത്. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റത്തിനെ തുർന്ന് മേഖലയിൽ നിരോധനാജ്ഞ പ്രഖ്യപിച്ചു. കർബി ആംഗ്ലോങ് സ്വയംഭരണ കൗൺസിൽ ചീഫ് എക്സിക്യൂട്ടിവ് മെംബർ തുലിറാം റൊങ്‌ഹാങ്ങിന്റെ ഡോങ്കാമുക്കാമിലെ കുടുംബവീടാണ് പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചത്. കർബി ആംഗ്ലോങ്, പശ്ചിമ കർബി ആംഗ്ലോങ് ജില്ലകളിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കഴിഞ്ഞ രണ്ടാഴ്ചയായി പശ്ചിമ കര്‍ബി ആംഗ്‌ളോങിൽ ഒമ്പത് പേർ നിരാഹാര സമരം നടത്തിവരുകയാണ്. കര്‍ബി ഗോത്രവിഭാഗക്കാരുടെ ദീർഘകാല ആവശ്യമായ മേച്ചിൽപ്പുറങ്ങളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനായിരുന്നു സമരം. ഡിസംബർ 22ന്, ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് സമരക്കാരെ ബലമായി ആശുപത്രിലേക്ക് മാറ്റിയതാണ് സംഘർഷത്തിലേക്ക് വഴിതെളിച്ചത്. സമരക്കാർ അറസ്റ്റ് ചെയ്യപ്പെട്ടെതിനെ തുടർന്ന് സമരം അക്രമാസക്തമാവുകയായിരുന്നു. ഖെറോണിക്ക് സമീപമുള്ള പൊലീസ് സ്റ്റേഷന് നേരെ കല്ലേറുണ്ടാവുകയും പ്രദേശവാസികളായ ബിഹാരി, നേപ്പാളി സമുദായക്കാർ ആക്രമിക്കപ്പെടുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സി.ആർ.പി.എഫ്, കമാൻഡോകൾ ഉൾപ്പെടെയുള്ള സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
2024ൽ സമാനമായ ആവശ്യമുന്നയിച്ച് നടന്ന പ്രതിഷേധത്തിൽ ബി.ജെ.പി നേതാവ് പ്രശ്നം പരിഹരിക്കാമെന്നും കൈയേറ്റങ്ങൾ ഒഴിപ്പിക്കാമെന്നും ജനങ്ങൾക്ക് വാക്ക് നൽകിയിരുന്നു. ഇത് പാലിക്കപ്പെടാത്തതിനെ തുടർന്നാണ് പ്രതിഷേധക്കാർ കൗൺസിൽ മേധാവിയുടെ വീട് അഗ്നിക്കിരയാക്കിയത്. ഒഴിപ്പിക്കൽ നോട്ടീസ് ലഭിച്ചവർ ഗുവാഹതി ഹൈകോടതിയെ സമീപിച്ചതാണ് നടപടികൾ വൈകാൻ കാരണമെന്നാണ് ബി.ജെ.പിയുടെ വിശദീകരണം. പ്രശ്നം ഗുരുതരമായ സാഹചര്യത്തിൽ, ഉടൻ തന്നെ ത്രികക്ഷി യോഗം വിളിച്ച് സമരം ഒത്തുതീർപ്പാക്കാൻ അസം സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഡിസംബറിനുള്ളിൽ സംസ്ഥാന സർക്കാർ, കര്‍ബി ആംഗ്‌ളോങ് ഓട്ടോണോമസ് കൗൺസിൽ, പ്രക്ഷോഭകാരികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന യോഗം നടക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

