Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രൊഫസർ ഹാനി...

പ്രൊഫസർ ഹാനി ബാബുവിന്‍റെ മോചനത്തിനു വേണ്ടി ഇടപെടൽ ആവശ്യപ്പെട്ട് പ്രമുഖർ

text_fields
bookmark_border
പ്രൊഫസർ ഹാനി ബാബുവിന്‍റെ മോചനത്തിനു വേണ്ടി ഇടപെടൽ ആവശ്യപ്പെട്ട് പ്രമുഖർ
cancel

കേന്ദ്ര അന്വേഷണ ഏജൻസി കെട്ടിച്ചമച്ച ഭീമാ കൊറേഗാവ്- എല്‍ഗാര്‍ പരിഷത് കേസില്‍ അന്യായമായി പ്രതിചേർക്കപ്പെട്ട് കഴിഞ്ഞ ഒൻപതുമാസമായി മുംബൈയിലെ ജയിലിൽ തടവിൽ കിടക്കുന്ന മലയാളിയും ഭാഷാപണ്ഡിതനും ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറുമായ ഹാനി ബാബു എം.ടിയുടെ മോചനത്തിനു വേണ്ടി ഇടപെടുക എന്നാവശ്യപ്പെട്ട്​ പ്രമുഖരുടെ സംയുക്​ത പ്രസ്​താവന.

ഹാനി ബാബുവും മറ്റ് ആരോപിതരും നേരിടുന്ന ആസൂത്രിത ഭരണകൂടവേട്ട അങ്ങേയറ്റം അപലപനീയമാണ്. എന്‍.ഐ.എ മുംബൈക്ക് വിളിപ്പിച്ച ഹാനി ബാബുവിനെ, അഞ്ച് ദിവസത്തെ നിരര്‍ത്ഥകമായ ചോദ്യംചെയ്യലിന് ശേഷം, 2020 ജൂലൈ 28 ന് അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്യുകയാണുണ്ടായത്. മുമ്പ് 2019 സെപ്റ്റംബറിലും അറസ്റ്റിനു ശേഷം 2020 ആഗസ്റ്റിലും ഹാനി ബാബുവിന്‍റെ വീട്ടില്‍ നീണ്ടതും ഭയപ്പെടുത്തുന്നതുമായ റെയ്ഡ് നടത്തി. വാറണ്ടോ രേഖകളോ കൂടാതെ, തെളിവെടുപ്പിന്‍റെ അടിസ്ഥാന നടപടിക്രമങ്ങൾപോലും അവഗണിച്ച്, പുസ്തകങ്ങളും രേഖകളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും മറ്റും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കളെപ്പറ്റി കൃത്യമായ പട്ടികയോ ഹാഷ് വാല്ല്യുവോ നല്‍കാതിരിക്കുകവഴി അവയുടെ തെളിവുമൂല്യത്തില്‍ വിട്ടുവീഴ്ച ചെയ്യുകയും കൂടുതൽ ദുരുപയോഗത്തിന് ബോധപൂർവം സാധ്യതയൊരുക്കുകയുമാണ് അന്വേഷണ ഏജൻസി ചെയ്തത്. അദ്ദേഹത്തിന്‍റെ കുടുംബം വെളിപ്പെടുത്തിയത് പോലെ, ഈ കേസില്‍ അറസ്റ്റുചെയ്യപ്പെട്ട മറ്റുള്ളവർക്കെതിരെ മൊഴി കൊടുത്തു ഒരു സാക്ഷിയാക്കാനുള്ള സമ്മര്‍ദ്ദം എന്‍.ഐ.എ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാവുകയും, അതു നിരസിച്ച ഹാനിബാബുവി​ന്‍റെ നീതിബോധത്തിന് പ്രതികാരം ചെയ്യാൻ എന്‍.ഐ.എ നിശ്ഛയിച്ചുറപ്പിച്ചിരിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

അദ്ദേഹത്തിനും, ഭരണകൂട വേട്ടക്ക്​ വിധേയമായി തടവിൽ കിടക്കുന്ന മറ്റനേകം നിരപരാധികൾക്കും നീതി ഉറപ്പാക്കാനുള്ള നിലക്കാത്ത ശബ്ദങ്ങൾ ഉയർന്നുവരേണ്ട സമയമാണിത്. നാം നിശബ്ദമായിരിക്കുന്ന ഓരോ നിമിഷവും ഈ രാജ്യത്തിന്‍റെ ജനാധിപത്യ-മനുഷ്യാവകാശങ്ങൾ പരിമിതപ്പെട്ടുകൊണ്ടിരിക്കയാണ്. നീതിക്കു വേണ്ടിയുള്ള മുറവിളികൾ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ചുകൊണ്ടു നാമെല്ലാവരും ഒന്നിച്ചുയർത്തിയേ തീരൂ എന്നും പ്രസ്​താവനയിൽ ആവശ്യപ്പെടുന്നു.

കെ. മുരളീധരൻ എം.പി, ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി, ബിനോയ് വിശ്വം എം.പി, കെ.പി.എ മജീദ്‌, ഡോ. എം.കെ, മുനീർ, മുനവ്വറലി ശിഹാബ്‌ തങ്ങൾ, എം.പി അബ്ദുസ്സമദ് സമദാനി, വി.ടി ബൽറാം, സച്ചിദാനന്ദൻ, ബി.ആർ.പി ഭാസ്കർ, സണ്ണി എം. കപിക്കാട്‌, പ്രൊഫ. എം.എച്ച്‌ ഇല്യാസ്‌, കെ. അംബുജാക്ഷൻ, ഹമീദ്‌ വാണിയമ്പലം, കെ.കെ ബാബുരാജ്‌, ഇലവു പാലം ശംസുദ്ദീൻ മന്നാനി, അബ്ദുൽ ശുക്കൂർ ഖാസിമി, വി.എച്ച്‌ അലിയാർ ഖാസിമി, സി.കെ അബ്ദുൽ അസീസ്‌, പ്രൊഫ. ദിലീപ്‌ രാജ്‌, പി. മുജീബ്‌ റഹ്മാൻ, നഹാസ്‌ മാള, ഡോ. അരുൺ ലാൽ, ഡോ. ഹരീഷ്‌ തറയിൽ, ഡോ. ശ്രീഹരി എ, പ്രൊഫ. സുരേഷ്‌ എം, പി. അബ്ദുൽ മജീദ് ഫൈസി, അംജദ്‌ അലി ഇ.എം, എ.എസ്‌ അജിത്‌ കുമാർ, ദിനു വെയിൽ, ഡോ. എം.ടി അൻസാരി, ഡോ. ജെനി റൊവീന, പ്രൊഫ. കാർമൽ ക്രിസ്റ്റി, ഡോ. ജെ. ദേവിക, പ്രൊഫ. ശ്രീബിത പി.വി, ഡോ. കാവ്യകൃഷ്ണ കെ.ആർ, ഡോ. അരുൺ അശോകൻ, സിമി കെ, ചിത്ര ലേഖ, ഡോ. ഒ.കെ സന്തോഷ്, ശിഹാബ്‌ പൂക്കോട്ടൂർ, ശംസീർ ഇബ്രാഹീം, ഫായിസ് കണിച്ചേരി, ഡോ. കെ. അഷ്‌റഫ്‌, നജ്ദ റൈഹാൻ, ഉമ്മുൽ ഫായിസ, മൃദുല ഭവാനി, തമന്ന സുൽതാന, പ്രൊഫ. രതീഷ്‌ കൃഷ്ണൻ, ഡോ. ഷീബ കെ.എം, നോയൽ മറിയം ജോർജ്ജ്, ഡോ. കെ.എസ്‌ സുദീപ്, പ്രൊഫ. സച്ചിൻ എൻ, ഡോ. ശ്രുതീഷ്‌ കണ്ണാടി, അഡ്വ. ഹാഷിർ കെ. മുഹമ്മദ്‌, പ്രൊഫ. നവനീത മോക്കിൽ, ടി.ടി ശ്രീകുമാർ, പ്രൊഫ. രേഷ്മ ഭരദ്വാജ്, പ്രൊഫ. സന്തോഷ് സദാനന്ദ്, ദീപ വാസുദേവൻ, ഡോ. ഖദീജ മുംതാസ്, ഡോ. പ്രിയ ചന്ദ്രൻ, രൂപേഷ് കുമാർ, ഡോ. അജയ് എസ്. ശേഖർ, ഡോ. സാദിഖ് പി.കെ മമ്പാട്‌, അഡ്വ. അമീൻ ഹസൻ, അജയകുമാർ വി.ബി, റെൻവർ പനങ്ങാട്ട്, അലീന ആകാശമിഠായി, ശ്രീരാഗ് പാറയിൽ, റെനി ഐലിൻ, അഫ്താബ് ഇല്ലത്ത്, മെഹർബാൻ മുഹമ്മദ്, പി.എം ഹാറൂൻ കാവനൂർ, സലീം ദേളി, അരവിന്ദ്‌ വി.എസ്, റാസിക് റഹീം, ജോളി‌ ചിറയത്ത്, സെബാ ശിരീൻ, പ്രൊഫ.കെ. അജിത, പ്രൊഫ. മണി പി.പി, ഫെബ റഷീദ്, മുസ്അബ് അബ്ദുസ്സലാം, ഷാൻ മുഹമ്മദ് എന്നിവർ പ്രസ്താവനയിൽ ഒപ്പുവെച്ചു.

പ്രസ്താവനയുടെ പൂർണ രൂപം

കേന്ദ്ര അന്വേഷണ ഏജൻസി കെട്ടിച്ചമച്ച ഭീമാ കൊറേഗാവ്- എല്‍ഗാര്‍ പരിഷത് കേസില്‍ അന്യായമായി പ്രതിചേർക്കപ്പെട്ട് മലയാളിയും ഭാഷാപണ്ഡിതനും ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറുമായ ഹാനി ബാബു എം.ടി കഴിഞ്ഞ ഒൻപതുമാസമായി മുംബൈയിലെ ജയിലിൽ തടവിൽ കിടക്കുകയാണ്. തൻ്റെ ജീവിതവും പ്രവര്‍ത്തനങ്ങളും സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കായി ഉഴിഞ്ഞുവച്ച സത്യസന്ധനായ അധ്യാപകനാണ് അദ്ദേഹം. ദളിത് പിന്നോക്ക വിഭാഗങ്ങളിൽ നിന്ന്​ കേന്ദ്രസർവ്വശാലകളിൽ എത്തിയ പല വിദ്യാർഥികളും ഇതിനോടകം തന്നെ ഹാനിബാബു എന്ന അടിയുറച്ച ജനാധിപത്യവിശ്വാസിയും പ്രബുദ്ധതയും സൗഹാര്‍ദ്ദവുമുള്ള അവരുടെ പ്രിയപ്പെട്ട പ്രൊഫസർ നൽകുന്ന പ്രോത്സാഹനങ്ങളും പിന്തുണയും എത്രമാത്രം വിലപ്പെട്ടതായിരുന്നുവെന്നു അനുസ്മരിച്ചിട്ടുണ്ട്.


തീർത്തും അടിസ്ഥാനരഹിതമായ ഈ കേസില്‍ ഹാനി ബാബുവും മറ്റ് ആരോപിതരും നേരിടുന്ന ആസൂത്രിത ഭരണകൂടവേട്ട അങ്ങേയറ്റം അപലപനീയമാണ്. എന്‍.ഐ.എ മുംബൈക്ക് വിളിപ്പിച്ച ഹാനി ബാബുവിനെ, അഞ്ച് ദിവസത്തെ നിരര്‍ത്ഥകമായ ചോദ്യംചെയ്യലിന് ശേഷം, 2020 ജൂലൈ 28 ന് അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്യുകയാണുണ്ടായത്. മുമ്പ് 2019 സെപ്റ്റംബറിലും അറസ്റ്റിനു ശേഷം 2020 ആഗസ്റ്റിലും ഹാനി ബാബുവിന്‍റെ വീട്ടില്‍ നീണ്ടതും ഭയപ്പെടുത്തുന്നതുമായ റെയ്ഡ് നടത്തി. വാറണ്ടോ രേഖകളോ കൂടാതെ, തെളിവെടുപ്പിന്‍റെ അടിസ്ഥാന നടപടിക്രമങ്ങളെപ്പോലും അവഗണിച്ച്, പുസ്തകങ്ങളും രേഖകളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും മറ്റും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കളെപ്പറ്റി കൃത്യമായ പട്ടികയോ ഹാഷ് വാല്ല്യുവോ നല്‍കാതിരിക്കുകവഴി അവയുടെ തെളിവുമൂല്യത്തില്‍ വിട്ടുവീഴ്ച ചെയ്യുകയും കൂടുതൽ ദുരുപയോഗത്തിന് ബോധപൂർവം സാധ്യതയൊരുക്കുകയുമാണ് അന്വേഷണ ഏജൻസി ചെയ്തത്. അദ്ദേഹത്തിന്‍റെ കുടുംബം വെളിപ്പെടുത്തിയത് പോലെ, ഈ കേസില്‍ അറസ്റ്റുചെയ്യപ്പെട്ട മറ്റുള്ളവർക്കെതിരെ മൊഴി കൊടുത്തു ഒരു സാക്ഷിയാക്കാനുള്ള സമ്മര്‍ദ്ദം എന്‍.ഐ.എ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാവുകയും, അതു നിരസിച്ച ഹാനിബാബുവിന്‍റെ നീതിബോധത്തിന് പ്രതികാരമായി അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാന്‍ എന്‍.ഐ.എ നിശ്ഛയിച്ചുറപ്പിച്ചിരിക്കുകയും ചെയ്തിരിക്കുന്നു എന്നുവേണം ന്യായമായും അനുമാനിക്കാൻ.


മസാച്യുസെറ്റ്‌സിലെ സ്വതന്ത്ര ഡിജിറ്റല്‍ ഫോറന്‍സിക് കമ്പനിയായ ആര്‍സണല്‍ കണ്‍സള്‍ടിങ് ഇതേ കേസിൽ പ്രതിചേർക്കപ്പെട്ട റൊണാ വില്‍സനെതിരെ എൻ.ഐ.എ തെളിവുകളായി അവതരിപ്പിച്ച രേഖകൾ വിശകലനം ചെയ്തുകൊണ്ട് പുറത്തുവിട്ട കാര്യങ്ങൾ, ഭരണകൂട ഭീകരതയുടെ ആഴം വെളിവാക്കുന്നതും ജനാധിപത്യവിശ്വസികളെ ലജ്ജിപ്പിക്കുന്നതുമാണ്. അദ്ദേഹത്തിന്‍റെ കമ്പ്യൂട്ടറിൽ സൈബര്‍ചാരന്‍മാര്‍ (ഹാക്കര്‍) നുഴഞ്ഞുകയറി മലീഷ്യസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് സ്ഥാപിച്ച ഒരുകൂട്ടം രേഖകളാണ് ഈ കേസിൽ മാവോയിസ്റ്റ് ബന്ധങ്ങൾക്കുള്ള ഒരേയൊരു തെളിവായി അവതരിപ്പിക്കപ്പെട്ടത്. ഇതേ തന്ത്രമാണ് കേസിലെ മറ്റു പതിനഞ്ചു പ്രതികൾക്കെതിരെയും ഉപയോഗിക്കപ്പെട്ടത്. എന്നാൽ ആര്‍സണല്‍ കണ്‍സള്‍ടിങ്ങിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുടെ വെളിച്ചത്തിൽ ഈ കേസിൽ ഒരു പുനരന്വേഷണം നീതിനടപ്പാക്കുന്നതിന് അടിയന്തിരമായി ചെയ്യേണ്ട ഉത്തരവാദിത്വമാണെങ്കിലും നീതിന്യായ വ്യവസ്ഥയും പൊതുസമൂഹവും ഈ കാര്യത്തിൽ കുറ്റകരമായ നിശ്ശബ്ദത തുടരുകയാണെന്നത് പ്രതിഷേധാർഹമാണ്.


സാമൂഹ്യനീതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ്, ഹാനിബാബുവിനെ സവർണ്ണ ഹിന്ദുത്വ ഭരണകൂടത്തിന്‍റെ എതിർചേരിയിൽ നിർത്തുന്നത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഒ.ബി.സി. സംവരണം പ്രാബല്യത്തില്‍ വരുത്തുന്നതിനും, പട്ടികജാതി- വര്‍ഗ വിഭാഗത്തോടുള്ള വിവേചനം അവസാനിപ്പിക്കുന്നതിനും നിരന്തരം പോരാടിയവരില്‍ ഒരാളാണ് അദ്ദേഹം. അതുപോലെ സഹപ്രവര്‍ത്തകനായ, തൊണ്ണൂറ് ശതമാനവും ശാരീരിക വൈകല്യങ്ങളോടെ ഇപ്പോഴും നീതി നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ജി.എന്‍. സായിബാബയ്ക്കുവേണ്ടിയും ഹാനി ബാബു സജീവമായി ഇടപെട്ടിരുന്നു.


ഹാനി ബാബുവിനെ പോലുള്ള പാർശ്വവത്കൃത വിഭാഗങ്ങളോടു പ്രതിബദ്ധരായ ബുദ്ധിജീവികളെ വേട്ടയാടുന്നതിലൂടെ സംഘ്പരിവാറിന്‍റെ സവർണഹിന്ദുത്വ ഉന്മൂലന രാഷ്ട്രീയ സിദ്ധാന്തങ്ങൾക്കെതിരെയുള്ള എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് തുറന്ന രീതിയിൽ തന്നെ നടന്നുകൊണ്ടിരിക്കുന്നത്. ഒൻപത് മാസമായി അന്യായമായി തടങ്കലിൽ വെച്ചിട്ടും അദ്ദേഹത്തിന്‍റെ മോചനത്തിനായി കേരളത്തിൽ നിന്നടക്കം പ്രതിഷേധങ്ങൾ ഉണ്ടാകാത്തത് ഖേദകരമാണ്. തിങ്ങിനിറഞ്ഞ ജയിലുകളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കോവിഡ് കേസുകളും മരണങ്ങളും നടക്കുന്ന അങ്ങേയറ്റം ഉത്കണ്ഠാകുലമായ പരിതസ്ഥിതികളിൽ, കെട്ടിച്ചമച്ച കേസുകളിൽ വിചാരണ തടവുകാരായി നിരപരാധികളെ പീഡിപ്പിക്കുന്നത് അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ കഠിനമായ ലംഘനമാണ്. കോവിഡ് പ്രൊട്ടോക്കോളിന്‍റെ മറവിൽ തടവുകാർക്ക് സന്ദര്‍ശനങ്ങളും പാഴ്‌സലുകളും നിരസിക്കുകയും ചെയ്യുന്നു.


അദ്ദേഹത്തിനും ഭരണകൂട വേട്ടയ്ക്ക് വിധേയമായി തടവിൽ കിടക്കുന്ന മറ്റനേകം നിരപരാധികൾക്കും നീതി ഉറപ്പാക്കാനുള്ള നിലക്കാത്ത ശബ്ദങ്ങൾ ഉയർന്നുവരേണ്ട സമയമാണിത്. നാം നിശബ്ദമായിരിക്കുന്ന ഓരോ നിമിഷവും ഈ രാജ്യത്തിൻറെ ജനാധിപത്യ-മനുഷ്യാവകാശങ്ങൾ പരിമിതപ്പെട്ടുകൊണ്ടിരിക്കയാണ്. നീതിക്കു വേണ്ടിയുള്ള മുറവിളികൾ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ചുകൊണ്ടു നാമെല്ലാവരും ഒന്നിച്ചുയർത്തിയേ തീരൂ എന്ന് ഈ പ്രസ്താവന ആവിശ്യപ്പെടുന്നു.


Show Full Article
TAGS:Bhima Koregaon Hani Babu 
News Summary - Prominent persons demanded the release of Professor Hani Babu
Next Story