Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രമുഖ ഇസ്‌ലാമിക...

പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ മൗലാന സൽമാൻ നദ്‌വി അന്തരിച്ചു

text_fields
bookmark_border
Maulana Syed Salman Hussaini
cancel
camera_alt

 മൗലാന സൽമാൻ നദ്‌വി 

ലഖ്നോ: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനും അധ്യാപകനുമായ മൗലാന സയ്യിദ് സൽമാൻ ഹുസൈനി നദ്‌വി (72) അന്തരിച്ചു. കുറച്ചു ദിവസങ്ങളായി അസുഖബാധിതനായിരുന്ന അദ്ദേഹം ലഖ്നോവിൽ വെച്ചാണ് അന്തരിച്ചത്.

ഫിഖ്ഹ്, ഹദീസ്, പ്രവാചക ചരിത്രം, ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ അഗാധമായ പാണ്ഡിത്യത്തിലൂടെയും വിദ്യാഭ്യാസ മേഖലയിലെ വിലപ്പെട്ട സംഭാവനകളിലൂടെയും ഇന്ത്യയിലും പുറത്തും ആദരിക്കപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹം.

1954ൽ ലഖ്നോവിലെ പ്രശസ്തമായ പണ്ഡിത കുടുംബത്തിലാണ് മൗലാന സൽമാൻ നദ്‌വി ജനിച്ചത്. ലഖ്നോവിലെ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിൽ നിന്നാണ് സൽമാൻ നദ്‌വി തന്റെ പ്രാഥമിക പഠനം പൂർത്തിയാക്കിയത്. അവിടെ വെച്ച് ഖുർആൻ മനഃപാഠമാക്കിയ അദ്ദേഹം പിന്നീട് ശരീഅത്ത് നിയമങ്ങളിൽ ഉന്നത പഠനം നടത്തി.

1974ൽ നദ്‌വത്തുൽ ഉലമയിൽ നിന്ന് ബിരുദം നേടിയ ശേഷം മുസ്‍ലിം യുവാക്കൾക്കായി 'ജംഇയത്ത് ശബാബിൽ ഇസ്‌ലാം' എന്ന സംഘടനക്ക് രൂപം നൽകി. 1976ൽ നദ്‌വത്തുൽ ഉലമയിൽ നിന്ന് ഹദീസ് വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് സൗദി അറേബ്യയിലെ ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനം നടത്തുകയും 1980ൽ ഹദീസ് പഠനത്തിൽ വീണ്ടും ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. പ്രശസ്ത പണ്ഡിതൻ ശൈഖ് അബ്ദുൽ ഫത്താഹ് അബൂ ഗുദ്ദയുടെ കീഴിലായിരുന്നു പഠനം.

ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷം ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിൽ അധ്യാപകനായി ചേർന്നു. ദശകങ്ങളോളം നദ്‌വയിലെ ശരീഅത്ത് വിഭാഗം ഡീൻ ആയി സേവനമനുഷ്ഠിച്ചു. രാജ്യത്തുടനീളം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിനും മൗലാന സൽമാൻ നദ്‌വി മുൻകൈ എടുത്തിട്ടുണ്ട്. ഡോ. അബ്ദുൽ അലി യുനാനി മെഡിക്കൽ കോളജ് ചെയർമാൻ, ദാറുൽ ഉലൂം സയ്യിദ് അഹ്‌മദ് ശഹീദ് ചാൻസലർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു. മെഡിക്കൽ, എഞ്ചിനീയറിങ്, ഐ.ടി മേഖലകളിലെ നിരവധി സ്ഥാപനങ്ങളുടെ തുടക്കത്തിന് പിന്നിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.

അറബിയിലും ഉറുദുവിലുമായി ഇസ്‌ലാമിക ചരിത്രം, നിയമം, സമകാലിക വിഷയങ്ങൾ എന്നിവയിൽ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലായി പുറത്തിറങ്ങിയ ഒട്ടേറെ ആനുകാലികങ്ങളുടെ എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചു. സമകാലിക രാഷ്ട്രീയ-മത വിഷയങ്ങളിൽ നിർഭയമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.

മൗലാനയുടെ വിയോഗത്തിൽ വിവിധ മതപണ്ഡിതന്മാരും വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുശോചനം രേഖപ്പെടുത്തി. മയ്യത്ത് നമസ്‌കാരം ലഖ്നോവിന് സമീപമുള്ള മലീഹാബാദിൽ തിങ്കളാഴ്ച വൈകുന്നേരം നടക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maulana Salman NadwiIndiaIslamic scholarObituary
News Summary - Prominant islamic scholar Maulana Salman Nadwi Dies at 72
Next Story