നിരോധനാജ്ഞ ക്രമസമാധാനം ഉറപ്പാക്കാൻ; ഡൽഹി പൊലീസ് സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബറിൽ പ്രതിഷേധങ്ങൾ ഉയർന്നുവരുന്നതിന് മുമ്പുതന്നെ ഡൽഹിയിൽ നിരോധനാജ്ഞകൾ നിലവിലുണ്ടെന്ന് ഡൽഹി പൊലീസ് സുപ്രീംകോടതിയിൽ. ആഗസ്റ്റ് 20നും അതിനടുത്ത ദിവസങ്ങളിലുമായി പുറപ്പെടുവിച്ച നിരോധനാജ്ഞ ഉത്തരവുകളിൽ ഒരെണ്ണം സെപ്റ്റംബർ 26 മുതൽ നവംബർ 24 വരെ പ്രാബല്യത്തിലുള്ളതാണ്. ജൂലൈ 20ന് നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ ന്യൂഡൽഹി ജില്ലയിൽ അക്രമസംഭവങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് മുൻകരുതലെന്ന നിലയിൽ ഈ നടപടി സ്വീകരിച്ചതെന്നും പൊലീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
പൊതുജനങ്ങൾക്ക് വ്യക്തിഗതമായി നോട്ടീസയക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ 60 ദിവസത്തെ പരമാവധി കാലാവധി നിശ്ചയിച്ചാണ് ഈ ഉത്തരവുകൾ ഇറക്കിയത്. പ്രധാനമന്ത്രിയുടെ വസതി, രാഷ്ട്രപതി ഭവൻ, പാർലമെന്റ്, വിദേശ എംബസികൾ, ജന്തർ മന്തർ തുടങ്ങിയ സുപ്രധാന കേന്ദ്രങ്ങൾ ഉൾപ്പെടുന്ന കൊണാട്ട് പ്ലേസ്, തുഗ്ലക്ക് റോഡ്, പാർലമെന്റ് സ്ട്രീറ്റ്, ചാണക്യപുരി, ബാരക്കമ്പ, സഫ്ദർജങ് എൻക്ലേവ്, ഡിഫൻസ് കോളനി എന്നീ പൊലീസ് സബ് ഡിവിഷൻ പരിധികളിലാണ് നിരാധനാജ്ഞ ഏർപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു.

