കിഴക്കൻ ലഡാക്കിലെ സൈനിക പിന്മാറ്റത്തിൽ പുരോഗതി -എസ്. ജയ്ശങ്കർ
text_fieldsഎസ്. ജയശങ്കർ
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽനിന്ന് ചൈനയുടെ സൈനിക പിന്മാറ്റം അടുത്ത നടപടികൾക്കുള്ള സാധ്യതകളും തുറന്നേക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ഇന്ത്യ- ചൈന ഉഭയകക്ഷി ബന്ധത്തിൽ ചില പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ആസ്ട്രേലിയയിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.
‘‘ഇന്ത്യക്കും ചൈനക്കുമിടയിൽ ചില പുരോഗതി നാം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. സൈനിക പിന്മാറ്റത്തിനു ശേഷം നാം ഏതുവഴിയേ ആകും മുന്നോട്ടുപോകുകയെന്ന് കാത്തിരുന്നു കാണണം. യഥാർഥ നിയന്ത്രണ രേഖയിൽ 2020ന് ശേഷം വൻതോതിൽ ചൈനീസ് സേനാവിന്യാസമുണ്ടായിട്ടുണ്ട്. തുടർന്ന് നാം സമാനമായി സൈനികരെ വിന്യസിച്ചു. ഈ ഘട്ടത്തിൽ ബാധിച്ച മറ്റു വിഷയങ്ങളുമുണ്ട്. സൈനിക പിന്മാറ്റം സ്വാഗതം ചെയ്യേണ്ട ഒന്നാണ്. കാരണം, മറ്റു വഴികളും അത് തുറന്നുനൽകും’’ - ജയ്ശങ്കർ പറഞ്ഞു.

