ക്ലാസ് മുറിയിൽ വിദ്യാർഥിയെ 'വിവാഹം കഴിച്ച' അധ്യാപിക രാജി സന്നദ്ധത അറിയിച്ചു
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിൽ ക്ലാസ് മുറിയിൽ വെച്ച് വിദ്യാർഥിയെ അധ്യാപിക വിവാഹം കഴിച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം വിവാദമായ സാഹചര്യത്തിൽ രാജി സന്നദ്ധത അറിയിച്ചിരിക്കുകയാണ് അധ്യാപിക. മൗലാന അബുൽ കലാം ആസാദ് യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ സൈക്കോളജി വിഭാഗം മേധാവിയാണ് അധ്യാപിക. സർവകലാശാലയുമായി ഇനി ബന്ധം തുടരാൻ സാധിക്കില്ലെന്നും രാജിവെക്കുന്നുവെന്നുമാണ് അധ്യാപിക പായൽ ബാനർജിയുടെ പ്രതികരണം.
ക്ലാസ് മുറിയിൽ വെച്ചാണ് വിദ്യാർഥിയും പായലും തമ്മിൽ വിവാഹിതരാകുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത്. ഇരുവരും ആദ്യം പൂമാല കൈമാറുകയും പിന്നീട് വിദ്യാർഥി അധ്യാപികയുടെ നെറ്റിയിൽ സിന്ദൂരം അണിയിക്കുന്നതും വിഡിയോയിൽ കാണാം. വിഡിയോ വിവാദമായതോടെ അധ്യാപികയോട് അവധിയിൽ പോകാൻ കോളജ് അധികൃതർ നിർദേശിച്ചിരുന്നു.
വിമർശനങ്ങൾ വ്യാപകമായപ്പോൾ വിഡിയോയിലുള്ളത് ഫ്രഷേഴ്സ് ദിനത്തിലേക്ക് നടത്തുന്ന നാടകത്തിന്റെ ഭാഗമാണെന്ന് അധ്യാപിക വിശദീകരണം നൽകിയിരുന്നു. വിഡിയോ പ്രചരിപ്പിച്ചത് തന്നോട് വ്യക്തി വൈരാഗ്യമുള്ള ആരോ ആണെന്നും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പായൽ വ്യക്തമാക്കി. വിഡിയോയുടെ നിജസ്ഥിതിയറിയാൻ മൂന്നുംഗസമിതിയെ നിയമിച്ചിരിക്കുകയാണ് സർവകലാശാല അധികൃതർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.