ബ്രിജ് ഭൂഷനെതിരായ അന്വേഷണം ജൂൺ 15നകം പൂർത്തിയാക്കുമെന്ന് ഗുസ്തിതാരങ്ങൾക്ക് മന്ത്രിയുടെ ഉറപ്പ്; അറസ്റ്റിൽ മൗനം
text_fieldsന്യൂഡൽഹി: ബ്രിജ് ഭൂഷനെതിരായ അന്വേഷണം ജൂൺ 15നകം പൂർത്തിയാക്കുമെന്ന് ഗുസ്തിതാരങ്ങൾക്ക് കേന്ദ്രമന്ത്രി ഉറപ്പുനൽകി. അനുരാഗ് താക്കൂറാണ് ഡൽഹി പൊലീസ് ജൂൺ 15നകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്നാണ് ഗുസ്തിതാരങ്ങളെ അറിയിച്ചത്. അതേസമയം, ബ്രിജ് ഭൂഷന്റെ അറസ്റ്റിനെ കുറിച്ച് മന്ത്രി മൗനം പാലിച്ചുവെന്നാണ് സൂചന.
മെയ് 28ന് പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഗുസ്തിതാരങ്ങൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ചർച്ചയിൽ പങ്കെടുത്ത താരങ്ങൾ അവകാശപ്പെട്ടു. ജൂൺ 30നകം ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് പൂർത്തിയാക്കുമെന്നും താരങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
കേന്ദ്രസർക്കാറിന്റെ നിർദേശങ്ങൾ സമരത്തിന് പിന്തുണ നൽകുന്ന സംഘടനകളുമായി ചർച്ച ചെയ്യുമെന്ന് ഗുസ്തി താരം ബജ്റംഗ് പൂനിയ പറഞ്ഞു. ഇതിന് ശേഷമാവും സമരത്തിന്റെ ഭാവി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ഗുസ്തി താരങ്ങൾ ചർച്ച നടത്തിയിരുന്നു.

