ജയ്പുർ: 900 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പിൽ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന് ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കാൻ ജയ്പുരിലെ അഡീഷനൽ ജില്ലാ കോടതി രാജസ്ഥാൻ പൊലീസിന് നിർദേശം നൽകി. രാജസ്ഥാനിലെ അശോക് െഗഹ്ലോട്ട് സർക്കാറിനെ മറിച്ചിടാനുള്ള ശ്രമത്തിൽ െശഖാവത്തിന് പങ്കുണ്ടെന്ന കോൺഗ്രസ് ആരോപണം നിലനിൽക്കുന്നതിനിടെയാണ് പുതിയ സംഭവം.
കോൺഗ്രസിൽനിന്ന് വിട്ടുപോരാനായി എം.എൽ.എമാരെ പ്രേരിപ്പിക്കുന്ന തരത്തിൽ ശെഖാവത്തിേൻറതായി പുറത്തുവന്ന ഓഡിയോ ക്ലിപ്പിെന കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിൽ സ്പെഷൽ ഓപറേഷൻ ഗ്രൂപ് ( എസ്.ഒ.ജി ) ശെഖാവത്തിന് നോട്ടീസ് അയച്ചിരുന്നു.
ആയിരക്കണക്കിന് നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ട സഞ്ജീവനി ക്രെഡിറ്റ് കോഓപറേറ്റീവ് സൊസൈറ്റി കുംഭകോണത്തിൽ െശഖാവത്തിനും ഭാര്യക്കും പങ്കുണ്ടെന്ന് നേരത്തെതന്നെ ആരോപണമുണ്ട്. എസ്.ഒ.ജിയാണ് ഈ തട്ടിപ്പും അന്വേഷിക്കുന്നത്. 2019 ആഗസ്റ്റ് 23നാണ് ഇതു സംബന്ധിച്ച് കേസെടുത്തത്. എന്നാൽ, കുറ്റപത്രത്തിൽ െശഖാവത്തിെൻറ പേരുണ്ടായിരുന്നില്ല. ശെഖാവത്തിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം മജിസ്ട്രേറ്റ് േകാടതി നേരത്തെ നിരാകരിച്ചിരുന്നു. തുടർന്നാണ് പരാതിക്കാർ അഡീഷനൽ ജില്ലാ കോടതിയെ സമീപിച്ചത്.
രാജസ്ഥാനിലും ഗുജറാത്തിലുമായി 237 ശാഖകളുള്ള സഞ്ജീവനി ക്രെഡിറ്റ് കോഓപറേറ്റീവ് സൊസൈറ്റിയിൽ 1,46,991 നിക്ഷേപകരാണുണ്ടായിരുന്നത്. ഇവരുടെ 953 കോടി രൂപയുടെ നിക്ഷേപം വ്യാജ വായ്പ അപേക്ഷയും രേഖകളുമുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് കേസ്.