പോരാട്ടവീര്യമുയർത്തി വനിതദിന മാർച്ചുമായി പ്രിയങ്ക
text_fieldsവനിത ദിനത്തോടനുബന്ധിച്ച് ലഖ്നോവിൽ നടന്ന വനിത മാർച്ചിൽ പങ്കെടുക്കുന്ന പ്രിയങ്ക ഗാന്ധി
ലഖ്നോ: അന്താരാഷ്ട്ര വനിതദിനത്തിൽ പോരാട്ടവീര്യമുയർത്തി ലഖ്നോവിൽ ആയിരക്കണക്കിന് വനിതകൾ പങ്കെടുത്ത മാർച്ചിന് നേതൃത്വം നൽകി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന് തൊട്ടുപിന്നാലെയാണ് മാർച്ച്. തെരഞ്ഞെടുപ്പിൽ മുന്നോട്ടുവെച്ച 'ലഡ്കി ഹൂൻ, ലഡ് ശക്തി ഹൂൻ (ഞാനൊരു പെൺകുട്ടിയാണ്, എനിക്ക് പോരാടാനറിയാം)' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു മാർച്ച്.
പാർട്ടി നേതാക്കളെയും മുഴുവന്‍ വനിത സ്ഥാനാർഥികളെയും ഉൾപ്പെടുത്തിയാണ് മാർച്ച് നടത്തിയത്. ഈ മാർച്ച് ഞങ്ങളുടെ 159 വനിത സ്ഥാനാർഥികളെ ആഘോഷിക്കുന്നതിനാണെന്നും അവരെല്ലാം വലിയൊരു പോരാട്ടത്തിലാണ് പങ്കുചേർന്നതെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. അതിനിടെ, ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ഞങ്ങൾ കഠിനമായി പരിശ്രമിച്ചിട്ടുണ്ടെന്നും ഫലം കാത്തിരുന്ന് കാണാമെന്നും അവർ അഭിപ്രായപ്പെട്ടു.

