‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ബലാത്സംഗവീരന്മാരുടെ സംരക്ഷകൻ’; രൂക്ഷവിമർശനവുമായി പ്രിയങ്കയും രാഹുലും
text_fieldsന്യൂഡൽഹി: ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ മോചിപ്പിച്ച നടപടിയെ പിന്തുണക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്ത നേതാവിനെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം.പിമാരായ പ്രിയങ്ക ഗാന്ധി വദ്രയും രാഹുൽ ഗാന്ധിയും. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ രാജ്യവ്യാപകമായി ഉയർന്ന വിദ്യാർഥി പ്രതിഷേധങ്ങളെ തുടർന്ന് ജൂലൈ 25ന് ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെയാണ് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകിയത്.
ചോദ്യപ്പേപ്പർ ചോർച്ച വിരുദ്ധ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടന്ന ചർച്ചയ്ക്കിടെയാണ് വയനാട് എം.പി പ്രിയങ്ക ഗാന്ധി വിഷയം ഉന്നയിച്ചത്. ഗർഭിണിയായ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിച്ചതിൽ സമ്മതവും സന്തോഷവും പ്രകടിപ്പിച്ച വ്യക്തിയെയാണ് പ്രധാനമന്ത്രി പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചിരിക്കുന്നതെന്ന് പ്രിയങ്ക ആരോപിച്ചു.
ഇതിന് പിന്നാലെ പ്രൾഹാദ് ജോഷിയും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും ശക്തമായ എതിർപ്പുമായി രംഗത്തെത്തുകയും ആരോപണം തെളിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രിയങ്ക ഗാന്ധി മാപ്പ് പറയണമെന്നും സഭയിൽ നിന്ന് പുറത്താക്കണമെന്നും ജോഷി ആവശ്യപ്പെട്ടു.
എന്നാൽ, മന്ത്രി ബലാത്സംഗക്കേസ് പ്രതികളെ പിന്തുണക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നും കൃത്യമായ നടപടിക്രമങ്ങളിലൂടെ അത് സഭയിൽ സമർപ്പിക്കുമെന്നും പ്രിയങ്ക തിരിച്ചടിച്ചു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും വനിതാ സംവരണത്തെക്കുറിച്ചും സംസാരിക്കുന്ന സമയത്ത് ഇത്തരമൊരു നിയമനം തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്കയുടെ ആരോപണങ്ങളെ പിന്തുണച്ച് രംഗത്തെത്തി. ശിക്ഷിക്കപ്പെട്ട ബലാത്സംഗ വീരന്മാരെ സംരക്ഷിക്കുന്ന ആളേക്കാൾ വൃത്തികെട്ട മറ്റൊരാളില്ലെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രിയായി ബലാത്സംഗക്കാരെ പിന്തുണക്കുന്ന ഒരാളെയാണ് ബി.ജെ.പി പ്രതിഷ്ഠിച്ചിരിക്കുന്നത്. ബലാത്സംഗം ചെയ്തവർക്ക് സംരക്ഷണം വേണമെന്ന് പറയുന്ന ആളേക്കാൾ വൃത്തികെട്ട മറ്റൊരാളില്ല.
മന്ത്രിസഭയിൽ ധാരാളം ആളുകൾ ഉണ്ടായിരുന്നിട്ടും, ബലാത്സംഗക്കാരെ സംരക്ഷിക്കുന്ന ഒരാളെ തന്നെ പ്രധാനമന്ത്രി തിരഞ്ഞെടുത്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ 2022 ആഗസ്റ്റിൽ മോചിപ്പിച്ച സംഭവത്തെ മുൻനിർത്തിയായിരുന്നു കോൺഗ്രസ് നേതാക്കളുടെ വിമർശനം. പ്രതികളുടെ മോചനം 2024 ജനുവരിയിൽ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എന്നാൽ 2022 ഒക്ടോബറിൽ നൽകിയ ഒരു അഭിമുഖത്തിൽ, ഈ പ്രതികളുടെ മോചനം നിയമപരമാണെന്ന് പ്രൾഹാദ് ജോഷി പ്രസ്താവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

