'നെഹ്റുവിനെതിരായ ആക്രമണങ്ങൾ ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ തെളിവ്'; ബി.ജെ.പിക്കെതിരെ പ്രിയങ്ക ഗാന്ധി
text_fieldsപ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരായ ബി.ജെ.പിയുടെ നിരന്തര വിമർശനങ്ങൾക്കെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. നെഹ്റു മരിച്ച് 60 വർഷത്തിലേറെയായിട്ടും ഭരണഘടനയും ജനാധിപത്യവും തകർക്കാൻ ശ്രമിക്കുന്നവർ അദ്ദേഹത്തെ ആക്രമിച്ചുകൊണ്ടിരിക്കുന്നത് ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണെന്ന് പ്രിയങ്ക പറഞ്ഞു. നെഹ്റുവിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു പ്രതികരണം.
വിപ്ലവകാരിയും ദീർഘവീക്ഷണമുള്ള നേതാവും രാഷ്ട്രനിർമാതാവുമായിരുന്നു നെഹ്റുവെന്ന് പ്രിയങ്ക വിശേഷിപ്പിച്ചു. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹം എക്കാലവും ഇന്ത്യക്ക് വഴികാട്ടിയാകട്ടെയെന്നും അവർ കുറിച്ചു.
നെഹ്റുവിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അദ്ദേഹത്തെ ആധുനിക ഇന്ത്യയുടെ പ്രധാന ശിൽപിയെന്ന് വിശേഷിപ്പിച്ചപ്പോൾ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 'ഇന്ത്യയുടെ രത്നം' എന്നാണ് വിശേഷിപ്പിച്ചത്.
അതേസമയം, പാർലമെന്റിലെ സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ നടന്ന പുഷ്പാർച്ചനാ ചടങ്ങിൽ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങൾ ആരും പങ്കെടുക്കാത്തതിനെച്ചൊല്ലിയും വിമർശനമുയർന്നു. തൃണമൂൽ കോൺഗ്രസ് രാജ്യസഭാ നേതാവ് ഡെറക് ഒബ്രിയൻ ഇക്കാര്യം ചോദ്യം ചെയ്തു.
ലോക്സഭാ സ്പീക്കർ ഓം ബിർള, മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി എന്നിവർ സംവിധാൻ സദനിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് നെഹ്റുവിന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. എന്നാൽ പ്രധാനമന്ത്രിയുടെ നിലവിലെ 29 അംഗ മന്ത്രിസഭയിൽ ഒരാൾ പോലും ചടങ്ങിൽ പങ്കെടുത്തില്ലെന്ന് ഡെറക് ഒബ്രിയൻ ചൂണ്ടിക്കാട്ടി. "ഇത് മാന്യതയാണോ? സാമാന്യ മര്യാദയാണോ?" എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
സ്വാതന്ത്ര്യം നെഹ്റുവിനെ സംബന്ധിച്ചിടത്തോളം ലക്ഷ്യമായിരുന്നില്ലെന്നും രാജ്യത്തിന്റെ പുതിയ യാത്രയിലെ ഒരു നാഴികക്കല്ല് മാത്രമായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സ്വരാജ് എന്നത് അധികാരത്തിനുവേണ്ടിയല്ല, മറിച്ച് രാജ്യത്തിന്റെ ഭാവിയിൽ ഓരോ പൗരനും പങ്കാളിത്തവും ഉത്തരവാദിത്വവും വഹിക്കുന്നതിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈവിധ്യമാണ് ഇന്ത്യയുടെ ശക്തിയെന്നും ജനാധിപത്യമാണ് രാജ്യത്തിന്റെ വിശ്വാസമെന്നും സമത്വമാണ് അടിത്തറയെന്നും നെഹ്റു വിശ്വസിച്ചിരുന്നതായി ഖാർഗെ പറഞ്ഞു. ഭരണഘടനയെയും ജനാധിപത്യ സ്ഥാപനങ്ങളെയും രാജ്യത്തെ ഒന്നിപ്പിക്കുന്ന മൂല്യങ്ങളെയും സംരക്ഷിക്കാനുള്ള പ്രതിജ്ഞ പുതുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നെഹ്റുവിനെ അപകീർത്തിപ്പെടുത്താനും അദ്ദേഹത്തിന്റെ സംഭാവനകളെ ഇകഴ്ത്തിക്കാട്ടാനും ചിലർ ശ്രമിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. എന്നാൽ നെഹ്റുവിന്റെ ജീവിതവും സംഭാവനകളും രേഖപ്പെടുത്തുന്ന ഡിജിറ്റൽ ആർക്കൈവ് അദ്ദേഹത്തിന്റെ പൈതൃകം സംരക്ഷിക്കുന്ന കവചമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ടിന്റെ നേതൃത്വത്തിലാണ് nehruarchive.in എന്ന ഡിജിറ്റൽ ശേഖരം ആരംഭിച്ചിരിക്കുന്നത്.

