ഡല്‍ഹി സ്ഫോടനം: ‘സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും കഴിവുകെട്ട ആഭ്യന്തര മന്ത്രിയായിരിക്കും അമിത് ഷാ’; എത്ര പേരുടെ ജീവൻ ഇനിയും നഷ്ടപ്പെടണമെന്ന് പ്രിയങ്ക് ഖാർഗെ
text_fieldsബംഗളൂരു: രാജ്യത്തെ ഞെട്ടിച്ച ഡൽഹി ചെങ്കോട്ടക്ക് സമീപമുണ്ടായ കാർബോംബ് സ്ഫോടനത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും കഴിവുകെട്ട ആഭ്യന്തര മന്ത്രിയായിരിക്കും അമിത് ഷായെന്നും, മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ മന്ത്രിസഭയിൽനിന്ന് പുറത്താകുമായിരുന്നെന്നും പ്രിയങ്ക് ഖാർഗെ വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
‘സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും കഴിവുകെട്ട ആഭ്യന്തര മന്ത്രിയായിരിക്കും അമിത് ഷാ. മറ്റേതെങ്കിലും രാജ്യത്തോ സംസ്ഥാനത്തോ ആയിരുന്നെങ്കിൽ അദ്ദഹം മന്ത്രിസഭയിൽനിന്ന് പുറത്താകുമായിരുന്നു. പക്ഷേ, മിസ്റ്റർ മോദിയുടെ എല്ലാ രഹസ്യങ്ങളും അറിയുന്ന ആളായതിനാൽ അദ്ദേഹം അനിവാര്യനാണ്. എന്തുകൊണ്ടാണ് ഇന്ത്യയുടെ ആഭ്യന്തരമന്ത്രിക്കുമേൽ ഉത്തരവാദിത്തം വരാത്തത്? സംസ്ഥാന സർക്കാറുകളെ പുറത്താക്കാൻ മാത്രമാണോ അദ്ദേഹം അവിടെയുള്ളത്? രാഷ്ട്രീയം കളിക്കാൻ മാത്രമാണോ അദ്ദേഹം അവിടെയുള്ളത്? അതാണ് അദ്ദേഹം ചെയ്യുന്നതെങ്കിൽ പാർട്ടിയിലേക്ക് തിരികെ വരട്ടെ. അദ്ദേഹത്തിന്റെ കഴിവില്ലായ്മ കാരണം എത്ര പേരുടെ ജീവൻ ഇനിയും നഷ്ടപ്പെടണം...?’ -പ്രിയങ്ക് ഖാർഗെ ചോദിച്ചു.
ഇന്ത്യക്ക് വേണ്ടത് കഴിവുള്ള ആഭ്യന്തര മന്ത്രിയെയാണ് -മഹുവ മൊയ്ത്ര
ന്യൂഡൽഹി: ഡൽഹിയിലെ സ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെയും വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയും രംഗത്തുവന്നു. ഇന്ത്യക്ക് വേണ്ടത് കഴിവുള്ള ഒരു ആഭ്യന്തര മന്ത്രിയെയാണെന്നും മുഴുവൻ സമയ വിദ്വേഷ പ്രചാരണ മന്ത്രിയെ അല്ലെന്നും മഹുവ പറഞ്ഞു. നമ്മുടെ അതിർത്തികളെയും നഗരങ്ങളെയും സംരക്ഷിക്കേണ്ടത് ആഭ്യന്തരമന്ത്രി അമിത്ഷായുടെ കടമയല്ലേ? എല്ലാ കാര്യങ്ങളിലും അദ്ദേഹം ഇത്രയധികം പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്?’ -മഹുവ ചോദിച്ചു.
ഇന്ത്യക്ക് ശക്തമായ ഒരു സർക്കാർ ആവശ്യമാണെന്നും തനിക്ക് വേണമെങ്കിൽ തിരികെ പോയി ഒരു ചായക്കട തുറക്കാമെന്നുമുള്ള പ്രധാനമരന്തി നരേന്ദ്ര മോദിയുടെ പഴയ ട്വീറ്റ് ഷെയർ ചെയ്ത മഹുവ, ‘അതെ, നമ്മെ സംരക്ഷിക്കാൻ ഇന്ത്യക്ക് ശക്തമായ ഒരു സർക്കാർ ആവശ്യമാണ്. മറ്റ് പണികൾ നിങ്ങളെ കാത്തിരിക്കുന്നു’ എന്ന് കുറിച്ചു.
സ്ഫോടനം എൻ.ഐ.എ അന്വേഷിക്കും
ന്യൂഡൽഹി: ഇന്നലെ ചെങ്കോട്ടക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കും. സംഭവത്തിന് പിന്നിൽ ചാവേർ ആക്രമണ സാധ്യത തള്ളാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. സ്ഫോടനത്തിൽ 12 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മുപ്പതിലേറെ പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നു. ഇവരിൽ ആറുപേരുടെ നില അതീവ ഗുരുതരമാണ്.
സ്ഫോടനം നടത്തിയ വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഐ 20 കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എച്ച്.ആർ 26 CE 7674 എന്ന നമ്പർ പ്ലേറ്റുള്ള വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് നിറുത്തിയിട്ടിരുന്നതായാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. സ്ഫോടന സമയത്ത് കാർ ഓടിച്ചിരുന്നത് ഫരീദാബാദിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ സംഘവുമായി ബന്ധമുള്ള ഡോ. മുഹമ്മദാണെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

