'കഴിഞ്ഞ രണ്ടുദിവസമായി എന്റെ ഫോൺ നിരന്തരം റിങ് ചെയ്തു കൊണ്ടേയിരിക്കുന്നു, ഭീഷണിപ്പെടുത്തുന്നതും അധിക്ഷേപം നിറഞ്ഞതുമായ സന്ദേശങ്ങളും അനവധി'
text_fieldsബംഗളൂരു: സർക്കാർ സ്കൂളുകളിലും കോളജുകളിലും പൊതുസ്ഥാപനങ്ങളിലും ആർ.എസ്.എസ് നടത്തുന്ന പ്രവർത്തനങ്ങളെ ചോദ്യം ചെയ്തതിന് ഫോണിൽ തനിക്ക് നിരന്തരം ഭീഷണി സന്ദേശങ്ങളും കോളുകളും ലഭിക്കുന്നുന്നതായി കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ. എക്സ് പോസ്റ്റ് വഴിയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്്. ''കഴിഞ്ഞ രണ്ടുദിവസമായി എന്റെ ഫോൺ നിരന്തരമായി റിംഗ് ചെയ്തുകൊണ്ടേയിരിക്കുകയാണ്. സർക്കാർ സ്കൂളിലും കോളജുകളിലും പൊതുസ്ഥാനപങ്ങളിലും ആർ.എസ്.എസിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ ഭീഷണി സന്ദേശങ്ങളും എന്നെയും കുടുംബത്തെയും ലക്ഷ്യമിട്ടിട്ടുള്ള ഏറ്റവും മോശമായ അധിക്ഷേപം നിറഞ്ഞ കോളുകളും''-എന്നാണ് പ്രിയങ്ക് ഗാർഗെ എക്സിൽ കുറിച്ചത്.
ഇത്തരം ഫോൺ സന്ദേശങ്ങളിലും കോളുകളിലും അൽഭുതമൊന്നും തോന്നുന്നില്ലെന്നും ഭീഷണികളും വ്യക്തിപരമായ ആക്രമണങ്ങളും തന്നെ നിശ്ശബദനാക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണെന്നും പ്രിയങ്ക് തുടർന്നും കുറിച്ചു.
ആർ.എസ്.എസ് മഹാത്മാഗാന്ധിയെയോ ബാബാസാഹേബ് അംബേദ്കറെയോ പോലും വെറുതെവിട്ടിട്ടില്ല. ആ സാഹചര്യത്തിൽ അവർ എന്നെ വെറുതെ വിടുമെന്ന് ചിന്തിക്കുന്നു പോലുമില്ല. ബുദ്ധൻ, ബസവണ്ണ, ബാബാസാഹേബ് അംബേദ്കർ എന്നിവരുടെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സമത്വം, യുക്തി, കാരുണ്യം എന്നിവയിൽ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഏറ്റവും അപകടകരമായ ആർ.എസ്.എസ് എന്ന വൈറസിനെ ഇല്ലാതാക്കണമെന്നും സർക്കാറിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
സ്കൂളുകളിലടക്കം ശാഖ, സാംഘിക്, ബൈഠക് എന്നീ പേരുകളിൽ നടത്തുന്ന ആർ.എസ്.എസ് പരിപാടികൾ വിദ്യാർഥികളെയും യുവാക്കളെയും വഴിതെറ്റിക്കുന്നു എന്നാണ് ഖാർഗെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടിയത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും എതിരായ മുദ്രാവാക്യങ്ങളാണ് ഇത്തരം പരിപാടികളിൽ ഉയർത്തുന്നത്. സർക്കാർ, എയ്ഡഡ് സ്കൂളുകൾ, പാർക്ക്, ക്ഷേത്രം, മൈതാനം എന്നിവിടങ്ങളിലൊന്നും ശാഖകൾക്ക് അനുമതി നൽകരുതെന്നും ഖാർഗെ കത്തിലാവശ്യപ്പെട്ടു. കത്തിന്റെ കാര്യം കർണാടക മുഖ്യമന്ത്രി തന്നെയാണ് കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. നൂറുകണക്കിന് രൂപയുടെ ഫണ്ടാണ് രജിസ്റ്റർ ചെയ്യപ്പെടാത്ത ഈ സംഘടനക്ക് ലഭിക്കുന്നത്. ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കാത്ത സംഘടനയെ എങ്ങനെ ദേശസ്നേഹി എന്നുവിളിക്കുമെന്നും പ്രിയങ്ക് ഖാർഗെ ചോദിച്ചു. സർക്കാർ സ്ഥാപനങ്ങളിൽ ആർ.എസ്.എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയതിനു പിന്നാലെയാണ് രൂക്ഷ വിമർശനവുമായി വീണ്ടും പ്രിയങ്ക് ഖാർഗെ രംഗത്തെത്തിയത്. എന്തിനാണ് ആർ.എസ്.എസിന് ഇത്രയും രഹസ്യാത്മകത. 100 വർഷം പഴക്കമുള്ള സംഘടന രാജ്യത്തിന് എന്താണ് സംഭാവന നൽകിയത്. ആർ.എസ്.എസിന്റെ കൈയിലെ പാവയാണ് ബി.ജെ.പി. ആർ.എസ്.എസ് ഇല്ലെങ്കിൽ ബി.ജെ.പിയില്ല. മതമില്ലെങ്കിൽ ആർ.എസ്.എസ് പൂജ്യമാണ്. താൻ ഹിന്ദുക്കൾക്കോ ഹിന്ദുമതത്തിനോ എതിരല്ല. ആർ.എസ്.എസിനെയും അവരുടെ ആശയങ്ങളെയുമാണ് എതിർക്കുന്നത്. അവർ ഭരണഘടനയെ അംഗീകരിക്കുന്നില്ല. മനുസ്മൃതിക്കായി വാദിക്കുന്നു. വടികളുമായി മാർച്ച് നടത്താൻ ഇവർക്ക് അനുവാദം ലഭിച്ചതെന്തുകൊണ്ടാണ്. ഇത്തരത്തിലുള്ള ആക്രമണോത്സുക മാർച്ചുകൾ കുട്ടികളിലും യുവാക്കളിലും വലിയ മാനസികാഘാതം ഉണ്ടാക്കും. ആർ.എസ്.എസ് എൻ.ജി.ഒ ആണോ. എങ്കിൽ രജിസ്റ്റർ ചെയ്തതിന്റെ പകർപ്പ് കാണിക്കട്ടെ. എങ്ങനെയാണ് ഇവർക്ക് 300 കോടി മുതൽ 400 കോടി രൂപ വരെ ഫണ്ട് ലഭിക്കുന്നത്. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന് എന്തിനാണ് ഇത്രയധികം സുരക്ഷയെന്നും ഖാർഗെ ചോദിച്ചു. ആർ.എസ്.എസിന്റെ വിശ്വാസ സമ്പ്രദായം ഇന്ത്യയുടെ ഐക്യത്തിന്റെയും മതേതര ചട്ടക്കൂടിന്റെയും ആദർശങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കത്തിനെ തുടർന്ന് സർക്കാർ സ്ഥാപനങ്ങളിൽ ആർ.എസ്.എസ് പ്രവർത്തനങ്ങൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വീകരിച്ച നടപടികൾ പരിശോധിക്കാൻ കർണാടക മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

