ബംഗളൂരു: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് മദ്യം കഴിക്കാറുണ്ടെന്നുകരുതി അദ്ദേഹത്തിെൻറ പേരിൽ ബാർ തുറക്കുമോ എന്നും കെ.പി.സി.സി വക്താവും എം.എൽ.എയുമായ പ്രിയങ്ക് ഖാർഗെ.
രാജ്യത്തിെൻറ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ അപമാനിച്ചുകൊണ്ടുള്ള ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവിയുടെ പ്രസ്താവനക്ക് മറുപടിയായാണ് പ്രിയങ്ക് ഖാർഗെയുടെ പ്രതികരണം. ബംഗളൂരുവിലെ കോൺഗ്രസ് ആസ്ഥാനത്ത് നെഹ്റുവിെൻറ പേരിൽ ഹൂക്കാ ബാറുകൾ തുറക്കണമെന്നായിരുന്നു സി.ടി. രവിയുടെ വിവാദ പ്രസ്താവന.
ബി.ജെ.പി നേതാക്കൾ സിഗരറ്റ് വലിക്കാറില്ലെയെന്നും അത് വലിയ കുറ്റമാണോയെന്നും പ്രിയങ്ക് ഖാർഗെ തുറന്നടിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുടെ മകനാണ് പ്രിയങ്ക് ഖാർഗെ. രാജ്യതന്ത്രജ്ഞരായ വാജ്പേയുടെ പേരിലോ നെഹ്റുവിെൻറ പേരിലോ ആരും ഇത്തരം പരാമർശങ്ങൾ നടത്താൻപാടില്ല. കഴിഞ്ഞ ഏഴര വർഷമായി കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിന് ഒന്നും നേടാനായിട്ടില്ല. ഒരു ചെറിയ സർക്കാർ സ്ഥാപനംപോലും ആരംഭിച്ചിട്ടില്ല. നെഹ്റുവിെൻറ കാലത്ത് ആരംഭിച്ച സ്ഥാപനങ്ങളുടെ പേരുകളാണ് അദ്ദേഹത്തിെൻറ പേരിലാക്കിയിട്ടുള്ളതെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു. ഇപ്പോൾ ഇന്ദിര കാൻറീനുകളുടെ പേര് മാറ്റണമെന്നാണ് ബി.ജെ.പി നേതാക്കൾ ആവശ്യപ്പെടുന്നത്.
രാജ്യത്തിെൻറ ചരിത്രംപോലും അറിയാതെയാണ് ഇത്തരം അപ്രധാനമായ പ്രസ്താവനകൾ നടത്തി മന്ത്രിമാരാകാൻ ശ്രമിക്കുന്നതെന്നും സി.ടി. രവിയെ ഉദ്ദേശിച്ചുകൊണ്ട് ഖാർഗെ പറഞ്ഞു. വാജ്പേയിയെ പോലുള്ള നേതാക്കളെക്കുറിച്ച് ഇത്തരത്തിൽ പരാമർശം നടത്തരുതെന്നും ഇത്തരം കാര്യങ്ങൾക്ക് പകരം വികസനത്തിൽ ശ്രദ്ധിക്കണമെന്നുമായിരുന്നു മന്ത്രി മുരുഗേഷ് നിരാനിയുടെ പ്രതികരണം.