'നിങ്ങൾ ആരാണ്? ഫണ്ട് എവിടെ നിന്നാണ്?; ആർ.എസ്.എസ് സ്വയം രജിസ്റ്റർ ചെയ്യാൻ തയാറായില്ലെങ്കിൽ കർണാടക സർക്കാർ നിയമനിർമ്മാണം ആലോചിക്കും'- പ്രിയങ്ക് ഖാർഗെ
text_fieldsപ്രിയങ്ക് ഖാർഗെ
ഡൽഹി: ആർ.എസ്.എസിന്റെ നിയമപരമായ പദവിയെയും ചരിത്രപരമായ പശ്ചാത്തലത്തെയും ചോദ്യം ചെയ്ത് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. ഡൽഹിയിൽ സമാജ്‌വാദി സംഘം സംഘടിച്ച ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ആർ.എസ്.എസിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്. രാജ്യത്ത് പ്രവർത്തിക്കുന്ന ഏത് സംഘടനയും നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിൽക്കാൻ ബാധ്യസ്ഥമാണെന്നും, ആർ.എസ്.എസ് രജിസ്റ്റർ ചെയ്യാൻ തയാറായില്ലെങ്കിൽ കർണാടക സർക്കാർ നിയമനിർമ്മാണം ആലോചിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി."രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദേശവിരുദ്ധമായ സംഘടനയാണ് ആർ.എസ്.എസ്, സ്വമേധയാ പ്രവർത്തിക്കുന്ന ഒരു സംഘടനയെന്ന അവകാശവാദമുന്നയിക്കുന്ന ആർ.എസ്.എസ് ഇതുവരെ സൊസൈറ്റിയായോ ട്രസ്റ്റായോ കമ്പനിയായോ നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല എന്നും പ്രിയങ്ക് വ്യക്തമാക്കി.
കോടതികളുടെയും നികുതി വകുപ്പുകളുടെയും കണ്ണിൽ ഒരു വ്യക്തികളുടെ കൂട്ടായ്മ മാത്രമായാണ് ഇത് കണക്കാക്കപ്പെടുന്നത്. സംഘടനയുടെ സാമ്പത്തിക സ്രോതസ്സുകളും ഫണ്ടുകളുടെ വിവരങ്ങളും സുതാര്യമായി പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന് കത്ത അയച്ചിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്ന് മന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യ സമരകാലത്തും അതിനുശേഷവും രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങളെയും ഭരണഘടനയെയും ആർ.എസ്.എസ് അംഗീകരിച്ചിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് ദശാബ്ദങ്ങളോളം ദേശീയ പതാക ഉയർത്തിയിരുന്നില്ലെന്നും മനുസ്മൃതിയെയാണ് അവർ അനുകൂലിക്കുന്നതെന്നും പ്രിയങ്ക് ഖാർഗെ ആരോപിച്ചു.
അതേസമയം, പ്രിയങ്ക് ഖാർഗെയുടെ ആവശ്യങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ആർ.എസ്.എസ് നേതൃത്വം പ്രതികരിച്ചു. ഒരു നൂറ്റാണ്ടായി പരസ്യമായി പ്രവർത്തിക്കുന്ന തങ്ങൾക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ലെന്നും ഇത്തരം രാഷ്ട്രീയ തന്ത്രങ്ങൾ പുതിയതല്ലെന്നും മോഹൻ ഭാഗവത് വ്യക്തമാക്കിയിട്ടുണ്ട്. ചടങ്ങിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു. ആർ.എസ്.എസിന്റെ നിയമപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്ന ആവശ്യം ദേശീയതലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

