Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘വന്ദേമാതരത്തോട്...

‘വന്ദേമാതരത്തോട് അത്രക്ക് സ്നേഹമാണെങ്കിൽ, അത് ശാഖകളിൽ നിന്ന് തുടങ്ങട്ടെ’: ബി.ജെ.പിയെയും ആർ.എസ്.എസിനെയും വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

text_fields
bookmark_border
priyank kharge
cancel
camera_alt

പ്രിയങ്ക് ഖാർഗെ

ബംഗളൂരു: വന്ദേമാതരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന രാഷ്ട്രീയ വിവാദത്തിൽ ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ രൂക്ഷ വിമർശനവുമായി കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ വല്ലഭഭായ് പട്ടേൽ, നേതാജി സുഭാഷ് ചന്ദ്രബോസ്, രബീന്ദ്രനാഥ ടാഗോർ തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികൾ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് വരികൾ മാത്രം പൊതുവേദികളിൽ ആലപിക്കാൻ തീരുമാനിച്ചവരാണ്. അങ്ങനെയെങ്കിൽ ഇന്നത്തെ മാനദണ്ഡപ്രകാരം അവരെയും ബി.ജെ.പി 'രാജ്യവിരുദ്ധർ' എന്ന് വിളിക്കുമോ എന്ന് പ്രിയങ്ക് ഖാർഗെ പരിഹസിച്ചു. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം കേന്ദ്ര ഭരണകക്ഷിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.

ബി.ജെ.പിക്കും ആർ.എസ്.എസിനും വന്ദേമാതരത്തോട് പെട്ടെന്ന് ഇത്രയധികം സ്നേഹം തോന്നിയിട്ടുണ്ടെങ്കിൽ, അവർ സ്വന്തം ശാഖകളിൽ നിന്ന് അത് തുടങ്ങട്ടെയെന്ന് പ്രിയങ്ക് ഖാർഗെ വെല്ലുവിളിച്ചു. ആർ.എസ്.എസിന്റെ ദിവസേനയുള്ള പ്രാർത്ഥനയായ ‘നമസ്തേ സദാ വത്സലേ മാതൃഭൂമേ’ എന്നത് ഒഴിവാക്കി പകരം വന്ദേമാതരം പാടാൻ അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ടെലിപ്രൊംപ്റ്ററിന്റെ സഹായമില്ലാതെ മുഴുവൻ വന്ദേമാതരവും പാടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും തയാറാണോ എന്നും അദ്ദേഹം വെല്ലുവിളിച്ചു. രാജ്യം നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ബി.ജെ.പി നടത്തുന്ന ബോധപൂർവ്വമായ തന്ത്രം മാത്രമാണിതെന്നും അദ്ദേഹം ആരോപിച്ചു.

തൊഴിലില്ലായ്മ, പരീക്ഷാ ക്രമക്കേട്, സാമ്പത്തിക പ്രതിസന്ധികൾ, പി.എം കെയേഴ്സ് ഫണ്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ തുടങ്ങിയ ജനങ്ങളുടെ ഭാവിയെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി ഇത്തരം വിവാദങ്ങൾ ബോധപൂർവ്വം നിർമ്മിക്കുന്നത്. ഭരണകൂടത്തിന് ജനങ്ങൾക്ക് മുന്നിൽ ഉത്തരവാദിത്തം പറയേണ്ടി വരുമ്പോഴൊക്കെ ഇത്തരം വ്യാജ വിവാദങ്ങൾ സൃഷ്ടിച്ച് വിഷയം മാറ്റുകയെന്നത് ബി.ജെ.പിയുടെ പതിവ് തന്ത്രമാണെന്നും പ്രിയങ്ക് ഖാർഗെ കുറ്റപ്പെടുത്തി. സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കും വഹിക്കാത്ത സംഘടനകളിൽ നിന്ന് രാജ്യസ്നേഹത്തിന്റെ സർട്ടിഫിക്കറ്റ് വാങ്ങേണ്ട ആവശ്യം കോൺഗ്രസിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിലും ഗോവയിലും നടന്ന പാർട്ടി പരിപാടികൾക്കിടയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും ദേശീയഗീതത്തിന്റെ അപൂർണമായ പതിപ്പാണ് ആലപിച്ചതെന്നാരോപിച്ച് ബി.ജെ.പി രംഗത്തുവന്നിരുന്നു. ഇതിന് മറുപടിയായാണ് കോൺഗ്രസ് നേതാക്കൾ 1937 ലെ ചരിത്രപ്രസിദ്ധമായ കോൺഗ്രസ് വർക്കിങ് കമ്മിറ്റി തീരുമാനം ചൂണ്ടിക്കാണിച്ചത്. വിവിധ സമുദായങ്ങൾക്കിടയിൽ ദേശീയ ഐക്യം നിലനിർത്തുന്നതിനും ഗാനം എല്ലാവരെയും ഉൾക്കൊള്ളുന്നതാക്കി മാറ്റുന്നതിനും വേണ്ടിയാണ് ടാഗോർ, ഗാന്ധിജി, നേതാജി, നെഹ്റു തുടങ്ങിയവരുടെ നേതൃത്വത്തിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം പൊതുവേദികളിൽ പാടാൻ തീരുമാനിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vande MataramRSSPriyank khargeCongressBJP
News Summary - Priyank Kharge hits back at BJP over Vande Mataram row
Next Story