20 കോടി അല്ലെങ്കിൽ തല! ഡൽഹിയിൽ സ്വകാര്യ ആശുപത്രി ഉടമയ്ക്ക് ലോറൻസ് ബിഷ്ണോയ് സംഘത്തിൻ്റെ പേരിൽ വധഭീഷണി
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ലോറൻസ് ബിഷ്ണോയ് സംഘത്തിൻ്റെ പേരിൽ ഭീഷണി സന്ദേശം. ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രി ഉടമയ്ക്കാണ് അന്താരാഷ്ട്ര നമ്പറിൽനിന്ന് 20 കോടി രൂപ നൽകിയില്ലെങ്കിൽ വധിക്കുമെന്ന സന്ദേശം ലഭിച്ചത്. സംഭവത്തിൽ, ആശുപത്രി ഉടമ ശക്കീൽ സൈഫി പൊലീസിന് പരാതി നൽകി. നിഹാൽ വിഹാർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നവംബർ മൂന്നിനായിരുന്നു പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചത്. തങ്ങൾ ആശുപത്രിയുടെ വിവരങ്ങൾ മുൻകൂട്ടി നിരീക്ഷിച്ചിട്ടുണ്ടെന്നും 24 മണിക്കൂറിനുള്ളിൽ പണം നൽകിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നുമാണ് അനിൽ പണ്ഡിറ്റ് എന്ന പേരിലുള്ള വ്യക്തി ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. ഇതിനു തൊട്ടുതലേദിവസം ഇതേ നമ്പറിൽ നിന്ന് ശബ്ദ സന്ദേശവും ലഭിച്ചിരുന്നതായി സൈഫി പൊലീസിനെ അറിയിച്ചു.
ഫോൺ കോളുകളുടെ ഉറവിടം, വ്യാജ പേരിലാണോ ഭീഷണിപ്പെടുത്തിയത്, പിന്നിൽ യഥാർഥത്തിൽ ബിഷ്ണോയ് സംഘത്തിന്റെ ബന്ധമുണ്ടോ തുടങ്ങിയ തരത്തിലുള്ള വിവിധ അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഡൽഹിയിൽ ബിസിനസുകാരെയും സ്ഥാപന ഉടമകളെയും ലക്ഷ്യമിട്ട് നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് പൊലീസ് സംശയിക്കുന്നത്.
വ്യാഴാഴ്ച ബോളിവുഡ് താരങ്ങളായ തുഷാർ കപൂറിനും ആയുഷ്മാൻ ഖുറാനക്കും ഭീഷണി സന്ദേശം അയച്ച കേസിൽ ബംഗളൂരുവിൽ നിന്ന് ഒരു ഐ.ടി എഞ്ചിനീയറെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരു സ്വദേശിയായ വൈഭവ് മിശ്രയെയാണ് പിടികൂടിയത്. ലോറൻസ് ബിഷ്ണോയി ഗ്യാങ്ങുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടാണ് ഇയാളും താരങ്ങൾക്ക് ഭീഷണി സന്ദേശങ്ങൾ അയച്ചത്. എന്നാൽ പ്രതിക്ക് യഥാർത്ഥത്തിൽ ആ ഗ്യാങ്ങുമായി യാതൊരു ബന്ധവുമില്ലെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിന്റെ പേര് പറഞ്ഞ് ഭയം സൃഷ്ടിച്ച് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു ഇയാൾ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

