തമിഴ്നാട്ടിൽ സ്വകാര്യബസ് അപകടത്തിൽപ്പെട്ടു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsപരമതി (കരൂർ): ബംഗളൂരുവിൽ നിന്ന് കുമളി വഴി പത്തനംതിട്ടയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് തമിഴ്നാട്ടിൽ അപകടത്തിൽപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. യാത്രക്കാർ വൻ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു.
ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അറ്റ്ലസ് ട്രാവൽസിൻെറ സ്ലിപ്പർ കോച്ച് ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 2.35നു തമിഴ്നാട്ടിലെ കരൂരിന് 30 കിലോമീറ്റർ അടുത്ത് പരമതിയിലായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്നാണ് കരുതുന്നത്.

അപകടത്തിൽ ഡ്രൈവർ, ക്ലീനർ, ഒരു യാത്രക്കാരൻ എന്നിവർക്ക് പരിക്കേറ്റു. ബസിൻെറ മുൻവശത്തെ ഗ്ലാസ് തകർന്ന് ചില്ലുകൾ തറച്ചാണ് ക്ലീനർക്ക് മുഖത്തും ശരീരത്തിലും മുറിവേറ്റത്. യാത്രക്കാരൻെറ കാൽമുട്ടിനാണ് പരിക്ക്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിയന്ത്രണംവിട്ട ബസ് ഇടതുവശത്തെ ബസ് വെയിറ്റിങ് ഷെഡ് തകർത്ത് റോഡിന് സമീപത്തെ ക്രാഷ് ബാരിയറിൽ ഇടിച്ച് നിൽകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിൻെറ മുൻഭാഗം പൂർണ്ണമായി തകർന്നു. റോഡിന് സമീപം 20 അടി താഴ്ചയുള്ള വയലാണ്. ബസ് വയലിലേക്ക് മറിയാതിരുന്നത് വൻ ദുരന്തം ഒഴിവായി. അപകട സമയത്ത് ബസിൽ 38 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. ഇവർ നല്ല ഉറക്കത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
