സ്കൂളിൽ മുടി മുറിച്ച് വരണമെന്ന് ആവശ്യപ്പെട്ടു; പ്രിൻസിപ്പലിനെ വിദ്യാർഥികൾ കുത്തിക്കൊന്നു
text_fieldsഹിസാർ(ഹരിയാന): സ്കൂളിൽ അച്ചടക്കം പാലിക്കണമെന്ന് ആവശ്യപ്പെട്ട പ്രിൻസിപ്പലിനെ വിദ്യാർഥികൾ കുത്തിക്കൊന്നു. ഹിസാർ കർതാർ മെമ്മോറിയൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ജഗ്ബീർ സിങ് പന്നുവാണ് കൊല്ലപ്പെട്ടത്.
ഹരിയാനയിലെ ഹിസാറിൽ ഒരു സ്വകാര്യ സ്കൂളിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. പ്രിൻസിപ്പലിനോട് വൈരാഗ്യമുള്ള 15 വയസ് പ്രായമുള്ള രണ്ടു വിദ്യാർഥികളാണ് കൃത്യം ചെയ്തതെന്ന് ഹാൻസി പൊലീസ് സുപ്രണ്ട് അമിത് യശ്വർധൻ പറഞ്ഞു.
മുടി മുറിക്കണമെന്നും ഷർട്ട് ടക്ക് ഇൻ ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രിൻസിപ്പൽ അച്ചടക്ക ലംഘനത്തിന് വിദ്യാർഥികൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിൽ പ്രകോപിതരായ വിദ്യാർഥികൾ ജഗ്ബീറിനെ ആക്രമിക്കുകയായിരുന്നുവെന്ന് എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.
കുത്തേറ്റ ജഗ്ബീറിനെ ഹിസാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്നും മടക്കാനാകുന്ന കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ വിദ്യാർഥികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. പ്രതികളായ വിദ്യാർഥികൾ സമൂഹമാധ്യമത്തിൽ ഭീഷണി സന്ദേശങ്ങളും പങ്കുവച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

