ഹരിയാനയിലെ സ്കൂൾ ബസ് അപകടം: ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന് പൊലീസ്
text_fieldsഛണ്ഡിഗഢ്: ഹരിയാനയിൽ സ്കൂൾ ബസ് മറിഞ്ഞ് ആറ് കുട്ടികൾ മരിച്ച സംഭവത്തിൽ പ്രിൻസിപ്പൽ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. ബസിന്റെ ഡ്രൈവറും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. മെഡിക്കൽ ടെസ്റ്റിൽ ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന് തെളിഞ്ഞതായി പൊലീസ് അറിയിച്ചു. അപകടത്തിൽ 14 കുട്ടികൾക്കാണ് പരിക്കേറ്റത്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
ജി.എൽ പബ്ലിക് സ്കൂളിലെ നാല് മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളുമായി പോയ ബസാണ് മരത്തിലിടിച്ച് മറിഞ്ഞത്. ബസിന്റെ ഫിറ്റ്നെസ് 2018ൽ തന്നെ കഴിഞ്ഞതായിരുന്നുവെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചിരുന്നു. അറസ്റ്റിലായവർക്കെതിരെ നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് മഹേന്ദ്ര റാണ പറഞ്ഞു. ഫിറ്റ്നറ്റ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ മോട്ടോർ വാഹന നിയമപ്രകാരവും കേസുണ്ടാവും. ഡ്രൈവർ ധർമേന്ദ്ര, പ്രിൻസിപ്പൽ ദീപ്തി, സ്കൂൾ സെക്രട്ടറിയായ ഹോശ്യാർ സിങ് എന്നിവരാണ് അറസ്റ്റിലായതെന്നും പൊലീസ് വ്യക്തമാക്കി.
അപകടത്തിന് ഒരു മണിക്കൂർ മുമ്പ് ബസ് തടഞ്ഞുനിർത്തി ഡ്രൈവർ മദ്യപിച്ച വിവരം നാട്ടുകാർ സ്കൂൾ അധികൃതരെ അറിയിച്ചുവെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിയുണ്ട്. അവധി ദിനമായ ഈദിന് സ്കൂളിൽ ക്ലാസ് നടത്തിയതിൽ പരിശോധനയുണ്ടാവുമെന്ന് വിദ്യാഭ്യാസമന്ത്രി സീമ ത്രിക അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

