'കുഴിമാടങ്ങളിൽ നിന്ന് ക്രിസ്ത്യാനികളുടെ മൃതദേഹം പുറത്തെടുത്തു, ഘർവാപസി മന്ത്രോച്ചാരണങ്ങൾ നടത്തി ഹൈന്ദവ ആചാരത്തിലൂടെ സംസ്കരിച്ചു..!'; പ്രധാനമന്ത്രിക്ക് കത്ത് നൽകി ക്രിസ്ത്യൻ ഫോറം
text_fieldsന്യൂഡൽഹി: ക്രിസ്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ട് വ്യാപകമായി നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി ഇടപെടണമെന്ന് യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം. പ്രധാനമന്ത്രിക്ക് നേരിട്ട് നൽകിയ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണം.
ഔദ്യോഗിക വസതിയിൽ സഭാ നേതാക്കൾക്ക് വിരുന്നൊരുക്കിയും 2023ൽ ഈസ്റ്റർ ദിനത്തിൽ ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ പള്ളി സന്ദർശിച്ചുമൊക്കെ ക്രൈസ്തവ സമൂഹത്തോട് അടുക്കാൻ പ്രധാനമന്ത്രി നടത്തുന്ന ശ്രമങ്ങളെ പരാമർശിച്ച ശേഷമാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കും ആഘോഷങ്ങൾക്കും ആചാരങ്ങൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾ ചൂണ്ടിക്കാട്ടിയത്.
2024ൽ മാത്രം ക്രൈസ്തവർക്കുനേരെ 834 അക്രമ സംഭവങ്ങളാണ് നടന്നത്. പ്രതിമാസം ശരാശരി 69 ലധികം അക്രമസംഭവങ്ങൾ നടക്കുന്നത് മതപീഡനത്തിന്‍റെ പ്രവണതയാണ് കാണിക്കുന്നത്. 2025ൽ 706 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒട്ടുമിക്ക ആക്രമണങ്ങൾക്കും കാരണമായി പറയപ്പെടുന്നത് നിർബന്ധിത മതപരിവർത്തനമെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ്. മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിലുള്ള 12 സംസ്ഥാനങ്ങളിൽ പെടുന്ന ഛത്തിസ്‍ഗഢിലും ഉത്തർപ്രദേശിലുമാണ് ഏറ്റവും കൂടുതൽ അക്രമസംഭവങ്ങൾ ഉണ്ടാകുന്നത്.
ചില സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾക്ക് ശവസംസ്കാരത്തിന് സ്ഥലം അനുവദിക്കാത്ത ഗുരുതരമായ പ്രശ്നവുമുണ്ട്. സംസ്കരിച്ച മൃതദേഹങ്ങൾ പുറത്തെടുത്ത് മറ്റൊരിടത്ത് സംസ്കരിക്കേണ്ടിവരുന്ന സംഭവങ്ങൾ ഉണ്ടായി. സംസ്കരിക്കാനുള്ള അനുമതി തേടി പല ഗ്രാമങ്ങളിലൂടെ മൃതദേഹവുമായി പോകേണ്ട അവസ്ഥയും നേരിടുന്നുണ്ട്. പുറത്തെടുത്ത മൃതദേഹം ഘർ വാപസി മന്ത്രോച്ചാരണങ്ങൾ നടത്തി ഹൈന്ദവ ആചാരത്തിലൂടെ സംസ്കരിച്ച സംഭവങ്ങളും ഉണ്ടായി.
മതപരിവർത്തന നിരോധന നിയമത്തിനുകീഴിൽ ഉത്തർപ്രദേശിൽ മാത്രം 100 ലധികം കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതിൽ മിക്കതും തീവ്രഹിന്ദു സംഘടനകൾ ഉൾപ്പെടെയുള്ള മൂന്നാം കക്ഷികൾ നൽകുന്ന പരാതികളിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. അക്രമസംഭവങ്ങളും വിദ്വേഷവും രാജ്യമാകെ ക്രൈസ്തവ സമൂഹത്തിൽ ഭീതിയും അരക്ഷിത ബോധവും ഉളവാക്കിയിരിക്കുകയാണ്. സർക്കാർ അടിയന്തര നടപടികൾ എടുക്കണമെന്നും യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

