കർഷകന് അരലക്ഷം രൂപയുടെ ആനുകൂല്യം കിട്ടുന്നുണ്ടെന്ന് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: കാർഷിക മേഖലക്ക് വർഷന്തോറും സർക്കാർ 6.5 ലക്ഷം കോടി നൽകുന്നതായും ഓരോ കർഷകനും പ്രതിവർഷം 50,000 രൂപ വീതം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് വാഗ്ദാനമല്ല, ‘മോദിയുടെ ഉറപ്പാ’ണെന്നും 17ാമത് ഇന്ത്യൻ സഹകരണ കോൺഗ്രസിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.
രാസവളം സബ്സിഡി, ഭക്ഷ്യധാന്യ സംഭരണം, പി.എം കിസാൻ പദ്ധതി എന്നിവയിലൂടെ കർഷകർക്ക് സർക്കാറിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. കർഷകരുടെ ജീവിതം മാറ്റാൻ വലിയ ശ്രമങ്ങൾ ആവശ്യമാണെന്നും ഓരോ കർഷകനും ഓരോ വർഷവും 50,000 രൂപ ഏതെങ്കിലും വിധത്തിൽ ലഭിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വാഗ്ദാനങ്ങളെക്കുറിച്ചല്ല, ചെയ്ത കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. പി.എം കിസാൻ പദ്ധതി കീഴിൽ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നാല് വർഷത്തിനിടെ നേരിട്ട് 2.5 ലക്ഷം കോടി രൂപ കൈമാറി. 2014ന് മുമ്പുള്ള അഞ്ചു വർഷത്തെ കാർഷിക ബജറ്റ് 90,000 കോടി രൂപയിൽ താഴെ മാത്രമായിരുന്നു. രാസവളത്തിന് വിലക്കയറ്റത്തിന്റെ ആഘാതം ബാധിക്കില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
ഒമ്പത് വർഷത്തിനിടെ വളം സബ്സിഡിക്കായി 10 ലക്ഷം കോടി രൂപ സർക്കാർ ചെലവഴിച്ചതായും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

