Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പശ്ചിമേഷ്യയിൽ സമാധാനത്തിന്റെ പാത തുറന്നു; അമേരിക്ക-ഇറാൻ സമാധാന കരാർ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

text_fields
bookmark_border
Narendra Modi
cancel

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ദിവസങ്ങളായി നീണ്ടുനിന്ന സംഘർഷത്തിന് വിരാമമിട്ടുകൊണ്ട് അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ സമാധാന ഉടമ്പടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. മേഖലയിൽ സ്ഥിരത തിരികെ കൊണ്ടുവരാനും ആഗോള വ്യാപാര പാതകളുടെ സുരക്ഷ ഉറപ്പാക്കാനും സമാധാന കരാർ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സിലൂടെയാണ്' പ്രധാനമന്ത്രി തന്റെ പ്രതികരണം അറിയിച്ചത്. പശ്ചിമേഷ്യയിലെ സംഘർഷം ലോകമെമ്പാടും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾക്കും നിരവധി രാജ്യങ്ങളിൽ ജീവഹാനിക്കും കാരണമായതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

'പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ ധാരണയെ ഞാൻ സ്വാഗതം ചെയ്യുന്നു. ഈ കരാർ നടപ്പിലാക്കുന്നത് മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനും ചരക്ക് ഗതാഗതം സ്വാതന്ത്ര്യവും സുഗമമാക്കാൻ സഹായിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു,' പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ബാക്കിയുള്ള വിഷയങ്ങളിൽ ചർച്ചകൾ നടത്തി ശാശ്വതമായ പരിഹാരത്തിൽ എത്താൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അതേസമയം, യു.എസും ഇറാനും തമ്മിൽ ഒരു 'സമാധാന കരാറിൽ' എത്തിയതായും അത് 'നിലവിൽ' ഉണ്ടെന്നും വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ ഒപ്പുവെക്കൽ ചടങ്ങ് നടക്കുമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. 'ഇറാനുമായുള്ള കരാർ ഇപ്പോൾ പൂർത്തിയായി,' എന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഹുർമുസ് കടലിടുക്കിലെ ഇറാനെതിരായ യു.എസ് നാവിക ഉപരോധം അവസാനിപ്പിക്കുന്നതായും ട്രംപ് പ്രഖ്യാപിച്ചു.

സമാധാന കരാറിൽ ധാരണയായതോടെ ഓഹരി വിപണിയിലും സ്വർണ വിലയിലും വളർച്ച രേഖപ്പെടുത്തി. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ ബി.എസ്.ഇ സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു. നിഫ്റ്റി 24,000 പോയിന്റ് നിലവാരത്തോട് അടുത്തെത്തി. രാവിലെ 9.25ന് സെൻസെക്സ് 1097.05 പോയന്റ് ഉയർന്ന് 76,625.00ത്തിലെത്തി. നിഫ്റ്റി 333.90 പോയന്റ് ഉയർന്ന് 23,955.95ലുമാണ് വ്യാപാരം. സെൻസെക്സും നിഫ്റ്റിയും മാത്രമല്ല, മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളും ഉയർന്ന നിലയിലാണ്. കൂടാതെ, സ്വർണം ഗ്രാമിന് 225 രൂപ കൂടി 13,890 രൂപയും പവന് 1800 രൂപ കൂടി 1,11,120 രൂപയുമായി. അന്താരാഷ്ട്രവിപണിയിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 50.75 ഡോളർ കൂടി 4,326.85 ഡോളറായി മാറി. 1.19 ശതമാനമാണ് വർധന.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Prime Minister Narendra Modi welcomes the US-Iran peace deal
Next Story