രാഷ്ട്രപതിയുടെ റഫറൻസ് അഞ്ചംഗ ബെഞ്ചിലേക്ക്
text_fieldsന്യൂഡൽഹി: ബില്ലുകൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തന്റെ ഭരണഘടനാപരമായ അധികാരം സംബന്ധിച്ച അഭിപ്രായം തേടിക്കൊണ്ടുള്ള രാഷ്ട്രതി ദ്രൗപദി മുർമുവിന്റെ റഫറൻസ് ഈ മാസം 22ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും.
തമിഴ്നാട് ഗവർണർക്കെതിരെ പുറപ്പെടുവിച്ച സുപ്രീംകോടതിയുടെ സുപ്രധാന വിധിയിൽ സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പുവെക്കാൻ രാഷ്ട്രപതിക്ക് മൂന്ന് മാസത്തെ സമയപരിധി വെച്ചതിനെ തുടർന്നാണ് 14 ചോദ്യങ്ങളുള്ള റഫറൻസിന് മറുപടി തേടി രാഷ്ട്രപതി സുപ്രീംകോടതിയിലെത്തിയത്.
നിശ്ചയിച്ച സമയപരിധിക്കകം രാഷ്ട്രപതിയും ഗവർണറും ഒപ്പുവെച്ചില്ലെങ്കിൽ ആ ബിൽ നിയമമായി പ്രാബല്യത്തിൽ വന്നതായി കണക്കാക്കുമെന്ന സുപ്രീംകോടതിയുടെ തീർപ്പാണ് രാഷ്ട്രപതി ചോദ്യം ചെയ്ത വിഷയങ്ങളിൽ സുപ്രധാനം.
കേന്ദ്ര സർക്കാറിനും ബി.ജെ.പിക്കും തിരിച്ചടിയായ ജസ്റ്റിസ് ജെ.ബി. പാർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നൽകിയാൽ പ്രതികൂലമാകുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര സർക്കാർ ഭരണഘടനയുടെ 143(1) അനുച്ഛേദ പ്രകാരമുള്ള രാഷ്ട്രപതിയുടെ അഭിപ്രായം തേടലാക്കി മാറ്റിയത്. പൊതുപ്രാധാന്യമുള്ള വിഷയങ്ങളിലും നിയമവിഷയങ്ങളിലും സുപ്രീംകോടതിയുടെ അഭിപ്രായം തേടുന്നതിനുള്ളതാണ് ഭരണഘടനയുടെ 143(1) അനുച്ഛേദം.
ഇതിന് മുമ്പും രാഷ്ട്രപതി റഫറൻസുമായി സുപ്രീംകോടതിയിലെത്തിയിട്ടുണ്ട്. എന്നാൽ, സുപ്രീംകോടതി തീർപ്പാക്കിക്കഴിഞ്ഞ ഒരു വിഷയത്തിൽ തുടർ നിയമനടപടിക്ക് പകരം രാഷ്ട്രപതിയുടെ ഭാഗത്തുനിന്നുള്ള റഫറൻസ് സർക്കാർ ഉപയോഗിക്കുന്നത് ഇതാദ്യമാണ്.
ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് പുറമെ ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, പി.എസ്. നരസിംഹ, എ.എസ്. ചന്ദൂർക്കർ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുണ്ടാകുക.
സുപ്രീംകോടതിയോട് രാഷ്ട്രപതി ഉന്നയിച്ച ചോദ്യങ്ങൾ
• ഭരണഘടനയുടെ 200ാം അനുച്ഛേദ പ്രകാരം ഒരു ബിൽ ഗവർണർക്ക് മുന്നിലെത്തിയാൽ അദ്ദേഹത്തിന് മുമ്പിലുള്ള വഴികളെന്തൊക്കെയാണ്?
• ബിൽ മുന്നിലെത്തിയാൽ അതിൽ തീരുമാനമെടുക്കുമ്പോൾ ഗവർണർ മന്ത്രിസഭയുടെ ഉപദേശത്താലും സഹായത്താലും പ്രവർത്തിക്കാൻ ബാധ്യസ്ഥനാണോ?
• ഭരണഘടനയുടെ 200ാം അനുച്ഛേദമനുസരിച്ചുള്ള ഗവർണറുടെ ഭരണഘടനപരമായ വിവേചനാധികാരം കോടതിയുടെ പരിശോധനക്ക് വിധയേമാക്കാമോ?
• 200ാം അനുച്ഛേദമനുസരിച്ചുള്ള ഗവർണറുടെ പ്രവൃത്തികൾ കോടതി പുനഃപരിശോധനക്ക് വിധേയമാക്കുന്നതിൽ ഭരണഘടനയുടെ 361ാം അനുച്ഛേദം ഒരു തടസ്സമാണോ?
• ഭരണഘടനാപരമായ ഒരു സമയപരിധിയുടെയും പ്രവർത്തനരീതിയുടെയും അഭാവത്തിൽ 200ാം അനുച്ഛേദമനുസരിച്ചുള്ള തന്റെ എല്ലാ അധികാരങ്ങളും ഗവർണർ പ്രയോഗിക്കുമ്പോൾ സമയപരിധി നിശ്ചയിക്കാനും പ്രവർത്തനത്തിന് രീതി നിർണയിക്കാനുമാകുമോ?
• ഭരണഘടനയുടെ 201ാം അനുച്ഛേദം അനുസരിച്ചുള്ള രാഷ്ട്രപതിയുടെ വിവേചനാധികാരം കോടതിയുടെ പരിശോധനക്ക് വിധേയമാക്കാമോ?
• ഭരണഘടനാപരമായ ഒരു സമയപരിധിയുടെയും പ്രവർത്തനരീതിയുടെയും അഭാവത്തിൽ 201ാം അനുച്ഛേദമനുസരിച്ചുള്ള തന്റെ എല്ലാ അധികാരങ്ങളും രാഷ്ട്രപതി പ്രയോഗിക്കുമ്പോൾ സമയപരിധി നിശ്ചയിക്കാനും പ്രവർത്തനത്തിന് രീതി നിർണയിക്കാനുമാകുമോ?
• രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ഗവർണർ ഒരു ബിൽ പിടിച്ചുവെക്കുമ്പോൾ തന്റെ ഭരണഘടനാപരമായ അധികാരത്തിന്റെ വെളിച്ചത്തിൽ ഭരണഘടനയുടെ 143ാം അനുച്ഛേദ പ്രകാരം സുപ്രീംകോടതിയുടെ അഭിപ്രായം രാഷ്ട്രപതി തേടേണ്ടതുണ്ടോ?
• ഭരണഘടനയുടെ 200ഉം 201ഉം അനുച്ഛേദങ്ങൾ പ്രകാരമുള്ള ഗവർണറുടെയും രാഷ്ട്രപതിയുടെയും തീരുമാനങ്ങൾ കോടതിയുടെ പരിശോധനക്ക് വിധേയമാക്കണോ?
• ബില്ലിന്റെ ഉള്ളടക്കം എന്തായിരുന്നാലും തങ്ങളുടെ നിയമവ്യവഹാരത്തിലേക്ക് അത് കൊണ്ടുവരാൻ കോടതിക്ക് അധികാരമുണ്ടോ?
• ഗവർണറുടെയും രാഷ്ട്രപതിയുടെയും അധികാരങ്ങൾക്കും ഉത്തരവുകൾക്കും സുപ്രീംകോടതിക്ക് പ്രത്യേകാധികാരം നൽകുന്ന 142ാം അനുച്ഛേദം ഏതെങ്കിലും നിലക്ക് പകരമാകുമോ?
• സംസ്ഥാന നിയമസഭയുണ്ടാക്കിയ ഒരു നിയമം ഭരണഘടനയുടെ 200ാം അനുച്ഛേദം അനുസരിച്ച് ഗവർണറുടെ അനുമതിയില്ലാതെ നടപ്പാക്കാവുന്ന നിയമമാകുമോ?
• ഭരണഘടനയുടെ 145(3) അനുച്ഛേദമനുസരിച്ച് ഭരണഘടനയുമായി ബന്ധപ്പെട്ട വ്യാഖ്യാനത്തിന്റെ വിഷയം വന്നാൽ ചുരുങ്ങിയത് അഞ്ച് ജഡ്ജിമാരുള്ള ഭരണഘടനാ ബെഞ്ചിലേക്ക് വിഷയം വിടേണ്ടതുണ്ടോ എന്നല്ലേ ആദ്യം തീരുമാനിക്കേണ്ടത്?
• ഭരണഘടയുടെ 142ാം അനുച്ഛേദം സുപ്രീംകോടതിക്ക് നൽകുന്ന പ്രത്യേകാധികാരം മറ്റു ഭരണഘടനാ സ്ഥാപനങ്ങളുടെ സമാനമായ ഭരണഘടനാപരമായ വ്യവസ്ഥകൾക്ക് വിരുദ്ധമാകാമോ?
• കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള തർക്കങ്ങൾ ഭരണഘടനയുടെ 131ാം അനുച്ഛേദത്താലല്ലാതെ പരിഹരിക്കുന്നതിന് സുപ്രീംകോടതിയുടെ മറ്റു അധികാരത്തെ ഭരണഘടന തടയുന്നുണ്ടോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

