രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മമതയുടെ യോഗത്തിൽ കോൺഗ്രസ് പങ്കെടുക്കും
text_fieldsന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിളിച്ചു ചേർത്ത ബി.ജെ.പി ഇതര പാർട്ടികളുടെ യോഗത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും. ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ജൂൺ 15ന് വൈകീട്ട് മൂന്നിനാണ് യോഗം വിളിച്ചു ചേർത്തത്. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, ജയറാം രമേശ്, രൺദീപ് സിങ് സുർജെവാല എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുകയെന്നാണ് വിവരം.
22 നേതാക്കളെയാണ് യോഗത്തിന് മമത ബാനർജി ക്ഷണിച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു, തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പഞ്ചാബ് മുഖ്യന്ത്രി ഭഗവന്ത് മാൻ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുൾപ്പെടെയുള്ള ആളുകളെയാണ് യോഗത്തിന് ക്ഷണിച്ചത്.
അതേസമയം, കോൺഗ്രസ് അധ്യക്ഷ പങ്കെടുക്കില്ലെങ്കിൽ മാത്രമേ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു പങ്കെടുക്കൂവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സോണിയ ഗാന്ധിയാണ് പങ്കെടുക്കുന്നതെങ്കിൽ ടി.ആർ.എസ് വർക്കിങ് പ്രസിഡന്റും ഐ.ടി മന്ത്രിയുമായ കെ.ടി. രാമറാവു പങ്കെടുക്കുമെന്നായിരുന്നു റിപ്പോർട്ട്.