രാഷ്ട്രപതി തെരഞ്ഞെടുപ്പ്; പവാർ വിളിച്ച യോഗത്തിൽ മമത പങ്കെടുത്തേക്കില്ല
text_fieldsകൊൽക്കത്ത: രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻ.സി.പി അധ്യക്ഷൻ ശരദ്പവാർ ജൂൺ 21ന് വിളിച്ച പ്രതിപക്ഷ കക്ഷി യോഗത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കാൻ സാധ്യതയില്ലെന്ന് മുതിർന്ന ടി.എം.സി നേതാവ് അറിയിച്ചു.
മുൻകൂർ തീരുമാനിച്ച ചില പരിപാടികൾ ഉള്ളതിനാൽ മമത ബാനർജിക്ക് യോഗത്തിൽ പങ്കെടുക്കാനാവില്ല. അക്കാര്യം ശരദ്പവാറിനെ അറിയിച്ചിട്ടുണ്ട്. പകരം മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതു സ്ഥാനാർഥിയെ നിർത്താൻ രാഷ്ട്രപതി തെരഞ്ഞെടുപ്പ് തന്ത്രം മെനയാൻ ജൂൺ 15 ന് മമത ഡൽഹിയിൽ വിളിച്ച ഇതു സംബന്ധിച്ച ആദ്യ യോഗത്തിൽ ധാരണയായിരുന്നു. ശരദ്പവാറിന്റെ പേര് മമത നിർദേശിച്ചെങ്കിലും പവാർ നിരസിച്ചിരുന്നു. 17 പാർട്ടികൾ പങ്കെടുത്ത യോഗത്തിൽ എ.എ.പി, എസ്.എ.ഡി, എ.ഐ.എം.ഐ.എം, തെലങ്കാന രാഷ്ട്രസമിതി, ഒഡിഷയിലെ ഭരണകക്ഷിയായ ബി.ജെ.ഡി എന്നിവ വിട്ടുനിന്നു.
പാർലമെന്റ് അംഗങ്ങളും സംസ്ഥാന- കേന്ദ്ര ഭരണ പ്രദേശ നിയമസഭകളിലെ അംഗങ്ങളുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ടർമാർ. ഇതിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യത്തിന് 48 ശതമാനത്തിലധികം വോട്ടുകളുണ്ട്. കൂടാതെ, പ്രാദേശിക പാർട്ടികൾ പിന്തുണക്കുമെന്ന പ്രതീക്ഷയും ബി.ജെ.പിക്കുണ്ട്.