രാഷ്ട്രപതി മണിപ്പൂരിൽ: ബന്ദ് പ്രഖ്യാപിച്ച് വിവിധ സംഘടനകൾ
text_fieldsഇംഫാൽ: രണ്ടുദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു വ്യാഴാഴ്ച മണിപ്പൂരിലെത്തി. രാഷ്ട്രപതിയായതിനുശേഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ആദ്യ സന്ദർശനമാണിത്. വ്യോമസേനയുടെ വിമാനത്തിൽ ഇംഫാൽ വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതി ഏഴുകിലോമീറ്റർ റോഡുമാർഗം സഞ്ചരിച്ച് ലോക്ഭവനിലെത്തി.
രാഷ്ട്രപതിയുടെ സന്ദർശനത്തിനെതിരെ വിവിധ സംഘടനകൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നതിനാൽ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. ബന്ദ് ജനജീവിതത്തെ സാരമായി ബാധിച്ചു. മാർക്കറ്റുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല.
ഉച്ചകഴിഞ്ഞ്, ഇംഫാലിലെ പോളോ ഗ്രൗണ്ടായ മാപാൽ കാങ്ജീബങ്ങിൽ യുവജനകാര്യ-കായിക വകുപ്പ് സംഘടിപ്പിച്ച പരമ്പരാഗത പോളോ മത്സരമായ സാഗോൾ കാങ്ജെയ് പ്രദർശന മത്സരം രാഷ്ട്രപതി വീക്ഷിച്ചു. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല, ചീഫ് സെക്രട്ടറി പുനീത് കുമാർ ഗോയൽ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും രാഷ്ട്രപതിയെ അനുഗമിച്ചു. വെള്ളിയാഴ്ച വാർഷിക നുപിലാൻ ആഘോഷങ്ങളിലും നാഗാ ആധിപത്യമുള്ള സേനാപതി ജില്ലയിൽ നടക്കുന്ന മറ്റൊരു പരിപാടിയിലും രാഷ്ട്രപതി പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

