ബി.ജെ.പിയുടെ ദലിത് പ്രീണനത്തെ വിമർശിച്ച് ശിവസേന
text_fieldsമുംബൈ: രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാർഥിയായി തെരഞ്ഞെടുത്തതിന് പിന്നിലെ ദലിത് പ്രീണന നയത്തെ വിമർശിക്കുമ്പോഴും പാർട്ടിയുടെ പിന്തുണ ബി.ജെ.പി സ്ഥാനാർഥിക്കുതന്നെയെന്ന് ശിവസേന വൃത്തങ്ങൾ. തിങ്കളാഴ്ച രാത്രി നടന്ന പാർട്ടിയുടെ 51ാം സ്ഥാപകദിന പ്രസംഗത്തിൽ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കുമെന്നായിരുന്നു പാർട്ടി പറഞ്ഞത്. എന്നാൽ, ബി.ജെ.പിയുടെ ഏകപക്ഷീയ തീരുമാനത്തെയും ദലിത് രാഷ്ട്രീയ കളിയെയും രൂക്ഷമായി വിമർശിച്ച ഉദ്ധവ് നിലപാട് വ്യക്തമാക്കിയില്ല.
ഹിന്ദുത്വ ആശയക്കാരെ രാഷ്ട്രപതി ആക്കിയിരുന്നുവെങ്കിൽ എന്താണ് സംഭവിക്കുക എന്ന് ചോദിച്ച ഉദ്ധവ് ദലിതനെ രാഷ്ട്രപതിയാക്കുന്നതിലൂടെ രാഷ്ട്രീയമേ വികസിക്കൂ, നാട് വികസിക്കില്ലെന്നും പറഞ്ഞു. മത, ജാതീയ പ്രീണനമില്ലാതെ ഏതു വിഭാഗത്തിൽപെട്ടവനെ തെരഞ്ഞെടുത്താലും സേന പിന്തുണക്കുമായിരുന്നു -ഉദ്ധവ് പറഞ്ഞു. എന്നാൽ, വിമർശനങ്ങൾെക്കാടുവിൽ സേന എൻ.ഡി.എ സ്ഥാനാർഥിക്കുതന്നെ പിന്തുണ നൽകുമെന്നാണ് പാർട്ടിയിലെ ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന.
