പൂഞ്ചിൽ ഭീകരരുടെ സാന്നിധ്യം: വ്യാപക തിരച്ചിൽ ആരംഭിച്ചു
text_fieldsജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ഗ്രാമത്തിൽ രണ്ട് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് വ്യാപക തിരച്ചിൽ ആരംഭിച്ചതായി സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു. തിങ്കളാഴ്ച രാത്രി ഡെഹ്‌റ കി ഗാലിക്ക് സമീപമുള്ള സലാംപുര ഗ്രാമത്തിൽ കറുത്ത വസ്ത്രം ധരിച്ച രണ്ട് ആയുധധാരികളായ പ്രതികൾ നീങ്ങുന്നത് കണ്ടതായി നാട്ടുകാർ അധികൃതരെ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞയുടൻ രാഷ്ട്രീയ റൈഫിൾസ്, സി.ആർ.പി.എഫ്, പൊലീസ് എന്നിവരുടെ സംയുക്ത ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നു. ഭീകരരെന്ന് സംശയിക്കുന്നവർ താഴ്ന്ന പംഗൈയിലേക്ക് നീങ്ങുന്നത് കണ്ടതായും തിരച്ചിൽ നടക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു.
പൂഞ്ചിലെ സുരൻകോട്ട് ഏരിയയിലെ സനായി, ജംഗൽ, പട്ടാൻ, കിഷ്ത്വാർ ജില്ലയിലെ ദ്രബ്ഷല്ല മേഖലയിലെ ബംഗാർ-സരൂർ വനം എന്നിവിടങ്ങളിലെ സമീപ ഗ്രാമങ്ങളിലും സുരക്ഷാ സേന ചൊവ്വാഴ്ച രാവിലെ തിരച്ചിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞദിവസം ദോഡ ജില്ലയിൽ ഭീകരരുമായുള്ള ഏററുമുട്ടലിൽ മേജർ അടക്കം നാലുസൈനികർ വീരമൃത്യു വരിച്ചിരുന്നു.

